പി.എസ്. ജീനയ്ക്ക് ഓസ്‌ട്രേലിയന്‍ പ്രഫഷണല്‍ ലീഗിലേക്കു ക്ഷണം


തിരുവനന്തപുരം: രാജ്യാന്തര ബാസ്‌കറ്റ്‌ബോള്‍ താരം പി.എസ്. ജീനയ്ക്ക് ഓസ്‌ട്രേലിയന്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗില്‍ കളിക്കാന്‍ ക്ഷണം. വിക്ടോറിയ സ്റ്റേറ്റ് ബാസ്‌കറ്റ്‌ബോള്‍ ലീഗില്‍ റിംഗ്വുഡ് ഹാക്ക്‌സിനു വേണ്ടി കളിക്കാനാണ് ജീനയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. വിദേശ പ്രഫഷണല്‍ ലീഗില്‍ കളിക്കാനുള്ള അപൂര്‍വ അവസരമാണ് ജീനയ്ക്കു കൈവന്നിരിക്കുന്നത്. അടുത്ത ജനുവരി 17 മുതല്‍ എട്ടു മാസത്തേക്കാണ് ടീമിനായി കളിക്കാന്‍ അവസരം ലഭിക്കുന്നത്. 
ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ്‌ബോളിന്റെ നെടുംതൂണായ ജീന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്നു. 2009 ല്‍ യൂത്ത് ഇന്ത്യന്‍ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജീന, 2012 മുതല്‍ സീനിയര്‍ ടീമില്‍ സ്ഥിരാംഗമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കെഎസ്ഇബിയുടെ താരമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയന്‍ ടീമായ റിംഗ്‌വുഡ് ഹാക്ക്‌സ് കേരളത്തില്‍ അഞ്ചു മത്സരങ്ങളുടെ പരമ്പരയ്ക്കായി എത്തിയിരുന്നു. അന്നത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജീനയ്ക്ക് ക്ലബ്ബിലേക്കു ക്ഷണം ലഭിച്ചത്. ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ക്യാപ്റ്റനായിരുന്ന മലയാളിതാരം ഗീതു അന്ന ജോസ് മാത്രമാണ് ഇതിനു മുമ്പ് വിദേശ പ്രഫഷണല്‍ ലീഗില്‍ കളിച്ചിട്ടുള്ള വനിതാ താരം. ഇപ്പോള്‍ ജീനയ്ക്ക് അവസരം ലഭിച്ച അതേ ടീമിനു വേണ്ടിയായിരുന്നു ഗീതു കളിച്ചത്. വിദേശത്തു പ്രഫഷണല്‍ ലീഗില്‍ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ താരം എന്ന ബഹുമതി കൂടി ജീനയ്ക്കു ലഭിക്കുകയാണ്. വയനാട് പടിഞ്ഞാറേത്തറ പാലനില്ക്കുംപാലായില്‍ സ്‌കറിയ ലിസി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ജീന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍