മാറുന്ന കേരളത്തിനു മറയിടാന്‍ ശബരിമലയെ രാഷ്ട്രീയ ആയുധമാക്കുന്നു: പ്രഫ.സി.രവീന്ദ്രനാഥ്

ഇരിങ്ങാലക്കുട: ജനപക്ഷ മതേതര നയങ്ങളിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ നവമാനവികതക്ക് മറയിടാനാണ് ശബരിമലയെ രാഷ്ട്രീയ ആയുധമാക്കുന്നതെന്നു വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പ്രഫ. കെ.യു. അരുണന്‍ എംഎല്‍എ നയിക്കുന്ന സിപിഎം ഇരിങ്ങാലക്കുട മണ്ഡലം കാല്‍നടജാഥ ആല്‍ത്തറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിവിധി നടപ്പിലാക്കേണ്ടത് സര്‍ക്കാര്‍ ബാധ്യതയാണെന്നും വിശ്വാസത്തെ രാഷ്ട്രീയമായി മുതലെടുക്കുന്നതിനു വേണ്ടിയാണ് അനാവശ്യ വിവാദങ്ങളെന്നും അദേഹം അഭിപ്രായപ്പെട്ടു. ഓഖി, നിപ്പ, പ്രളയ ദുരിതങ്ങളില്‍ സമാനതകളില്ലാത്ത മികവു പുലര്‍ത്തിയ ഇടതുപക്ഷ ഇടപെടലുകള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനും വിലക്കയറ്റം, റഫാല്‍ അഴിമതി, നോട്ടുനിരോധനം, ദുരിതങ്ങള്‍ എന്നിവ മുഖ്യധാരാ ചര്‍ച്ചകളില്‍നിന്നും മായിച്ചുകളയുക എന്ന രാഷ്ട്രീയ ചാണക്യ തന്ത്രമാണ് വിശ്വാസത്തെ മുന്‍നിര്‍ത്തി ശബരിമലയെ രാഷ്ട്രീയ ആയുധമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഫ. കെ.യു. അരുണന്‍ എംഎല്‍എ, വി.എ. മനോജ്കുമാര്‍, അഡ്വ. കെ.ആര്‍. വിജയ, യു. പ്രദീപ് മേനോന്‍, ടി.എസ.് സജീവന്‍ മാസ്റ്റര്‍, കെ.പി. ജോര്‍ജ്, ടി.ജി. ശങ്കരനാരായണന്‍, ലത ചന്ദ്രന്‍, ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റന്‍ പ്രഫ. കെ.യു. അരുണന്‍ എംഎല്‍എ, വൈസ് ക്യാപ്റ്റന്‍ ഉല്ലാസ് കളക്കാട്ട്, മാനേജര്‍ പ്രേമരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍