കുവൈത്ത് പ്രളയം; മുന്നൂറ് ദശലക്ഷം ദീനാറിന്റെ നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്

കുവൈത്ത് : കുവൈത്തില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 300 ദശലക്ഷം ദീനാറിന്റെ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. സാമ്പത്തിക എന്‍ജിനീയറിങ്, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദഗ്ധരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി അല്‍ ഖബസ് ദിനപത്രമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും വാഹനങ്ങളുള്‍പ്പെടെയുള്ള വസ്തുവകകളും നശിച്ചതുവഴിയുള്ള പ്രത്യക്ഷ നഷ്ടവും സംവിധാനങ്ങള്‍ നിശ്ചലമായത് വഴിയുള്ള പരോക്ഷ നഷ്ടവും ചേര്‍ത്തുള്ള കണക്കാണിത്. പ്രത്യക്ഷ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. വ്യാപാര നഷ്ടം ഉള്‍പ്പെടെ പരോക്ഷ നഷ്ടങ്ങള്‍ക്ക് പരിഹാരമുണ്ടാവില്ല. വീടുകളും കാറുകളും കേടുവന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇതില്‍ വിദേശികളെ ഉള്‍പ്പെടുത്തുമോ എന്ന് വ്യക്തമല്ല. വിദേശികളുടെയും നൂറുകണക്കിന് കാറുകള്‍ വെള്ളത്തില്‍ മുങ്ങി നശിച്ചിട്ടുണ്ട്. അപ്രതീക്ഷിത അവധി മൂലമുള്ള പരോക്ഷ നഷ്ടം ഒരുദിവസത്തേക്ക് കണക്കാക്കിയിട്ടുള്ളത് 50 ദശലക്ഷം ദീനാറാണ്. വരും ദിവസങ്ങളില്‍ അധിക ഉല്‍പാദനം നടക്കുന്നതിലൂടെ ഇതില്‍ ഒരു ഭാഗം നികത്തപ്പെടുമെന്നാണ് പ്രതീക്ഷ. തകര്‍ന്ന റോഡുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുനരുദ്ധരിക്കാനും ഡ്രെയിനേജ് സംവിധാനത്തിലെ അപാകത തീര്‍ക്കാനും കോടിക്കണക്കിന് ദീനാര്‍ സര്‍ക്കാര്‍ വകയിരുത്തേണ്ടി വരും. നഷ്ടപരിഹാരം നല്‍കാനും വലിയൊരു തുക മാറ്റിവെക്കേണ്ടി വരുന്നതോടെ ബജറ്റ് താളം തെറ്റുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍