ട്രാവന്‍കൂര്‍ സിമന്റ്‌സിനെ ഉയര്‍ച്ചയിലെത്തിക്കും: ഇ.പി. ജയരാജന്‍

കോട്ടയം: ട്രാവന്‍കൂര്‍ സിമന്റ്‌സിലെ ജീവനക്കാരുടെ പ്രശ്‌നങ്ങളും കമ്പനിയുടെ സ്ഥിതിയും മനസിലാക്കുന്നതിനായി വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ ഫാക്ടറി സന്ദര്‍ശിച്ചു. കമ്പനിയുടെ എംഡി, ജനറല്‍ മാനേജര്‍, ഡയറക്ടര്‍മാര്‍, കന്പനി സെക്രട്ടറി മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ജീവനക്കാരുടെ വിവിധ യൂണിയന്‍ പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി. സിമന്റ് ഉത്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവായ കക്ക ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സംയുക്ത യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമായിട്ടില്ലെന്ന പരാതിയും ജീവനക്കാര്‍ പറഞ്ഞു.ജീവനക്കാരുടെ ശമ്പളം, കമ്പനിയുടെ ഉത്പാദനം എന്നിവ സംബന്ധിച്ചുള്ള സമഗ്രവിവരങ്ങളടങ്ങുന്ന നിവേദനവും യൂണിയന്‍ നേതാക്കള്‍ മന്ത്രിക്കു നല്‍കി. ഇതിനെ തുടര്‍ന്ന് മൂന്നു കോടി രൂപ കൂടി അനുവദിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും ബാക്കി തുക അസംസ്‌കൃതവസ്തു വാങ്ങുന്നതടക്കമുള്ള പ്രവര്‍ത്തനത്തിനും ഉപയോഗിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. നേരത്തെ അഞ്ചുകോടി നല്‍കുന്നതിന് തീരുമാനിക്കുകയും ഇതില്‍ രണ്ടുകോടി നല്‍കുകയും ചെയ്തിരുന്നു. കൂടാതെ മുന്‍സര്‍ക്കാരിന്റെ കാലത്ത് ക്ലിന്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടു നടന്ന അഴിമതി അന്വേഷിക്കണമെന്നും സംയുക്ത യൂണിയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വിജിലന്‍സിനെ ഉപയോഗിച്ച് അന്വേഷിപ്പിക്കുന്നതിന് സംവിധാനം ഒരുക്കുമെന്നും കേരളത്തിലുള്ള സിമന്റ് നിര്‍മാണ യൂണിറ്റുകളെ കുറിച്ച് പഠിച്ച് ട്രാവന്‍കൂര്‍ സിമന്റ്‌സിനെ ഉയര്‍ച്ചയില്‍ എത്തിക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പോര്‍ട്ടിന്റെ വികസനത്തിനായി നിലവിലെ തുറമുഖബോര്‍ഡ് അംഗങ്ങളായ പോര്‍ട്ട് ട്രസ്റ്റ്, കിന്‍ഫ്ര, തുറമുഖ വകുപ്പ് എന്നീ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. എംഡി രാമചന്ദ്രന്‍നായര്‍, ജനറല്‍ മാനേജറുടെ ചാര്‍ജ് വഹിക്കുന്ന അബു ജയിംസ്, സെക്രട്ടറി എ. ജെ. സജി, സിപിഎം ജില്ലാ സെക്രട്ടറി വി. എന്‍. വാസവന്‍, കെ. സുരേഷ്‌കുറപ്പ് എംഎല്‍എ, സി. ജെ. ജോസഫ്, സി. എന്‍. സത്യനേശന്‍, ശ്രീജിത്ത്, വി. ബി. ബിനു, വിജി എം. തോമസ് എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍