ന്യൂഡല്‍ഹി: നോട്ടുനിരോധനം രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകരെ തീരാ ദുരിതത്തിലാഴ്ത്തിയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്കു നല്കിയ റിപ്പോര്‍ട്ടിലാണ് നോട്ടു നിരോധനത്തെ കുറ്റപ്പെടുത്തി നരേന്ദ്ര മോദി സര്‍ക്കാരിലെ കാര്‍ഷിക വകുപ്പു തന്നെ രംഗത്തെത്തിയിരിക്കുന്നത്. നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ജാബുവയില്‍ പ്രസംഗിച്ച അതേ ദിവസം തന്നെയാണ് കേന്ദ്ര കൃഷി മന്ത്രാലയം നോട്ടു നിരോധനത്തെ കുറ്റപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കിയത്. നോട്ടു നിരോധനം ഏര്‍പ്പെടുത്തിയ ശേഷം ലക്ഷക്കണക്കിന് കര്‍ഷകര്‍ വിത്തും വളവും വാങ്ങാന്‍ നിവൃത്തിയില്ലാതെ നെട്ടോട്ടമോടിയെന്നാണു കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കര്‍ഷകര്‍ ഖാരിഫ് വിളകള്‍ വില്‍ക്കുകയും റാബി വിളകള്‍ വിതയ്ക്കുകയും ചെയ്യുന്ന സമയത്താണ് നോട്ടു നിരോധനം ഏര്‍പ്പെടുത്തുന്നത്. ധാരാളം പണച്ചെലവുള്ള ഈ സമയത്ത് നോട്ടുകള്‍ നിരോധിച്ചത് കര്‍ഷകരെ പൊടുന്നനെ വിപണിയില്‍ നിന്നും കൃഷിയിടത്തില്‍ നിന്നും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കി. രാജ്യത്തെ 263 ദശലക്ഷം കര്‍ഷകരും പണം അടിസ്ഥാനമാക്കിയുള്ള സാഹചര്യത്തിലാണ് കാര്‍ഷികവൃത്തി നടത്തുന്നത്. നോട്ടുകള്‍ നിരോധിച്ചതോടെ കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങാന്‍ പണമില്ലാതായി. മാത്രമല്ല, ഉത്പാദിപ്പിച്ച ശീതകാല വിളകള്‍ വിപണിയില്‍ വിറ്റഴിക്കാനും സാധിച്ചില്ല. വന്‍ ഭൂവുടമകള്‍ പോലും കാര്‍ഷിക തൊഴിലാളികള്‍ക്ക് കൂലി നല്കാന് കഴിയാതെ വിഷമിച്ചു. നാഷണല്‍ സീഡ്സ് കോര്പറേഷന് പോലും 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പ് വില്ക്കാന് കഴിയാതെ വെട്ടിലായി. ഇതും നോട്ടു നിരോധനം കൊണ്ടു മാത്രമുണ്ടായ പ്രതികൂലാവസ്ഥയാണ്. നോട്ടു നിരോധനത്തെ ഔദ്യോഗികമായി തള്ളിപ്പറഞ്ഞു കൊണ്ടു ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാരിനുള്ളില്‍ നിന്ന് ഒരു റിപ്പോര്‍ട്ട് പുറത്തു വരുന്നത്. കോണ്‍ഗ്രസ് എംപി എം. വീരപ്പമൊയ്ലി അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ മുന്നിലാണ് റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.
0 അഭിപ്രായങ്ങള്‍