നവകേരള സൃഷ്ടിക്കു മാതൃക തേടി ഡിസൈന്‍ ഫെസ്റ്റിവല്‍ കൊച്ചിയില്‍

കൊച്ചി: പ്രളയാനന്തര കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനു നൂതന രൂപകല്പനകളും സത്വരപരിഹാരങ്ങളും വിഭാവനം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആറു ദിവസത്തെ ഡിസൈന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 11 മുതല്‍ 16 വരെ കൊച്ചി ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററിലാണു രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡിസൈന്‍ ഫെസ്റ്റിവല്‍ നടക്കുക. 11, 12 തീയതികളില്‍ ഡിസൈന്‍ കേരള ഉച്ചകോടി നടക്കും. 
സംസ്ഥാന സര്‍ക്കാരിന്റെ വിവരസാങ്കേതിക വകുപ്പ് സംഘടിപ്പിക്കുന്ന ഡിസൈന്‍ കേരള ഉച്ചകോടിയില്‍ 12നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കും. പാനല്‍ ചര്‍ച്ചകളിലും ആശയവിനിമയ പരിപാടികളിലും ഇന്ത്യക്കകത്തും പുറത്തുമുള്ള സാങ്കേതിക വിദഗ്ധരും വാസ്തുശില്‍പികളും പങ്കെടുക്കും. സാങ്കേതികവിദ്യയിലധിഷ്ഠിതമായ കണ്ടുപിടിത്തങ്ങളിലൂടെയും രൂപകല്‍പന ചിന്തകളിലൂടെയുമുള്ള സുസ്ഥിര ആവാസവ്യവസ്ഥയുടെ നിര്‍മാണത്തിനാണു ഡിസൈന്‍ വീക്ക് ഊന്നല്‍ നല്‍കുക. 
ശില്‍പശാലകള്‍, മാസ്റ്റര്‍ ക്ലാസ്സുകള്‍ എന്നിവയ്ക്കു പുറമേ ഡിസൈന്‍ വെല്ലുവിളികള്‍ക്കു പരിഹാരം കണ്ടെത്തുന്ന നിരവധി ഉച്ചകോടികളും പ്രതിഷ്ഠാപനങ്ങളുടെ രൂപീകരണവും മറ്റു പ്രദര്‍ശനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. ഇവയില്‍നിന്നുള്ള ആശയങ്ങള്‍ ക്രോഡീകരിച്ചു പുനഃസൃഷ്ടി ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി എല്ലാ വകുപ്പുകള്‍ക്കും വിതരണം ചെയ്യും. കഴിഞ്ഞ മാര്‍ച്ചില്‍ സംഘടിപ്പിച്ച ദ്വിദിന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഫ്യൂച്ചറിന്റെ തുടര്‍ച്ചയായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 
ഡിസംബര്‍ 12 മുതല്‍ കൊച്ചി മുസിരിസ് ബിനാലെ ആരംഭിക്കുന്നതിനാല്‍ ബിനാലെയുടെ മുഖ്യവേദികളില്‍നിന്നു സൗജന്യമായി ബോട്ട് സര്‍വീസ് ഉണ്ടാകും. ബോള്‍ഗാട്ടി ഐലന്‍ഡിലെ ഡിസൈന്‍ സിസ്ട്രിക്ടില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍