തങ്ങള്‍ക്കെതിരായ നീക്കങ്ങളെ അപലപിച്ച് ഐ.പി.എസുകാര്‍, വേണ്ടിവന്നാല്‍ സുപ്രീംകോടതിയില്‍ പോവും

തിരുവനന്തപുരം: ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വ്യക്തിപരമായ ആരോപണങ്ങളുന്നയിക്കുന്നതിനെതിരേ ശക്തമായി പ്രതികരിച്ച് ഐ.പി.എസ് അസോസിയേഷന്‍ രംഗത്ത്. ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. അര ഡസനോളം ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണങ്ങളും ഭീഷണിയുമുണ്ടായ സാഹചര്യത്തിലാണിത്. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുണ്ടെന്ന് അസോസിയേഷന്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്കെതിരായ മതപരവും വ്യക്തിപരവുമായ ആരോപണങ്ങളുന്നയിക്കുന്നതിനെ അസോസിയേഷന്‍ അപലപിച്ചു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ശക്തമായ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തുനല്‍കി. ഉദ്യോഗസ്ഥര്‍ക്ക് പക്ഷപാത രഹിതമായും കാര്യക്ഷമമായും പ്രൊഫഷണലായും ജോലി ചെയ്യാന്‍ അവസരമൊരുക്കണമെന്നാണ് ആവശ്യം. ഇത്തരം നടപടികള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുമെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേരത്തേ ശബരിമലയിലെ നടപടികളുടെ പേരില്‍ ഐ.ജി മനോജ് എബ്രഹാമിനെതിരേ ആരോപണങ്ങളുണ്ടായപ്പോഴും അസോസിയേഷന്‍ രംഗത്തെത്തിയരുന്നു.പക്ഷപാതരഹിതമായി ക്രമസമാധാന ചുമതല നിര്‍വഹിക്കുന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം ജനാധിപത്യവിരുദ്ധമായ നടപടികള്‍ സമൂഹത്തില്‍ അരാജകത്വത്തിന് വഴിവയ്ക്കുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ജാതിയും മതവും പറഞ്ഞുള്ള അധിക്ഷേപങ്ങള്‍ സേനയില്‍ വര്‍ക്ഷീയ ചേരിതിരിവുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഇത് പൊലീസിന് ഭീഷണിയാണെന്നും ഇത്തരം അധിക്ഷേപങ്ങള്‍ കൊണ്ട് പൊലീസുദ്യോഗസ്ഥരെ ചുമതലകളില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും അസോസിയേഷന്‍ പ്രമേയവും പാസാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍