കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം: വേദിയുടെ നിര്‍മാണം ആരംഭിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങിനുള്ള വേദിയുടെ നിര്‍മാണം ആരംഭിച്ചു. ഇന്നലെ മുതലാണ് ഇവന്റ് മാനേജ്‌മെന്റ് ടീം വേദിയുടെ പ്രവൃത്തി തുടങ്ങിയത്. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തിനു സമീപത്തായാണ് 4800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വേദിയൊരുക്കുന്നത്. വേദിയില്‍ മന്ത്രിമാരും ജനപ്രതിനിധികളുമടക്കം 120 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ഓഹരി ഉടമകള്‍ക്കും പദ്ധതിക്ക് ഭൂമി വിട്ടുനല്‍കിയവര്‍ക്കും പന്തലില്‍ പ്രത്യേക സൗകര്യമൊരുക്കും. 25,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് സജ്ജീകരിക്കുന്നത്. ആദ്യവിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് അടക്കമുള്ള ചടങ്ങുകള്‍ ഉദ്ഘാടനവേദിയില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. ഇതിനായി 80 അടി വീതിയും 13 അടി ഉയരവുമുള്ള എല്‍ഇഡി വാള്‍ ഒരുക്കുന്നുണ്ട്. ആകെ 17 എല്‍ഇഡി സ്‌ക്രീനുകളാണ് ഉണ്ടാകുക. ഉദ്ഘാടനവേദിയില്‍ ആറു ടിവി സെറ്റുകളുമുണ്ടാകും. തിരുവനന്തപുരത്തെ എബിസി ഇവന്റ് മാനേജ്‌മെന്റാണ് വേദിയൊരുക്കുന്നത്. 32 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് വേദിയൊരുക്കിയതും ഇതേ ഏജന്‍സിയായിരുന്നു. രണ്ടാഴ്ചയ്ക്കകം വേദിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍