സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴ ഒരുങ്ങുന്നു

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി പ്രളയാനന്തര ആലപ്പുഴ ഒരുങ്ങുന്നു. ഡിസംബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടക്കുന്ന കലോത്സവത്തില്‍ 29 വേദികളിലായി 158 മത്സര ഇനങ്ങളില്‍ സര്‍ഗപ്രതിഭകള്‍ മാറ്റുരയ്ക്കും. ആര്‍ഭാടം ഒഴിവാക്കിയാണ് ഇത്തവണത്തെ കലോത്സവം. പന്തലുകള്‍ ഇല്ല. ഉദ്ഘാടന, സമാപന യോഗങ്ങളോ ഘോഷയാത്രയോ ഉണ്ടാവില്ല. സ്‌കൂളുകളിലെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ലിയോ തേര്‍ട്ടീന്‍ത് സ്‌കൂള്‍ ഓഡിറ്റോറിയം, ഗവ. മോഡല്‍ ഗേള്‍സ് എച്ച്എസ്എസ് സ്‌കൂള്‍, എസ്ഡിവി സെന്റിനറി ഹാള്‍, ടിഡിഎച്ച്എസ്എസ്, സെന്റ് ജോസഫ്‌സ് ഗേള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയം, ലജനത്ത് മുഹമ്മദിയ്യ സ്‌കൂള്‍ ഓഡിറ്റോറിയം, ഗവ. മുഹമ്മദന്‍സ് ജിഎച്ച്എസ്എസ് ഓഡിറ്റോറിയം, സെന്റ് ആന്റണീസ് എച്ച്എസ് ഓഡിറ്റോറിയം, കാര്‍മല്‍ ഓഡിറ്റോറിയം, വെള്ളാപ്പള്ളി ഒഎല്‍എഫ് എല്‍പിഎസ്, പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് എച്ച്എസ്എസ്, തിരുവാന്പാടി എച്ച്എസ്, തത്തംപള്ളി പാരിഷ്ഹാള്‍, ജവഹര്‍ ബാലഭവന്‍, ലിയോതേര്‍ട്ടീന്‍ത് എല്‍പിഎസ് ഹാള്‍, കിടങ്ങാംപറമ്പ് എല്‍പിഎസ് ഹാള്‍, കാര്‍മല്‍ സ്‌കൂള്‍ ഹാള്‍, മോഡല്‍ എച്ച്എസ്എല്‍പിഎസ്, ഗവ. മുഹമ്മദന്‍സ് എല്‍പിഎസ് ഹാള്‍, തിരുവാമ്പാടി ഗവ. യുപിഎസ്, ഗവ. മുഹമ്മദന്‍സ് ബോയ്‌സ് എച്ച്എസ് ഹാള്‍, സെന്റ് ജോസഫ്‌സ് എല്‍പിഎസ് ഓഡിറ്റോറിയം, സെന്റ് ജോസഫ്‌സ് ഗേള്‍സ് എച്ച്എസ്എസ് ഹാള്‍, തത്തംപള്ളി എച്ച്എസ് ഹാള്‍, ചെട്ടികാട് എസിഎംവി ജിയുപിഎസ്, കളര്‍കോട് ഗവ. യുപിഎസ്, എസ്ഡിവി ഗവ. ജെബിഎസ്, കളര്‍കോട് ഗവ. എല്‍പിഎസ്, റിക്രിയേഷന്‍ ഗ്രൗണ്ട് എന്നിവയാണ് വേദികള്‍. ഇവയില്‍ പതിനഞ്ചു വേദികള്‍ മാത്രമേ അടുത്തടുത്തുള്ളൂ. താമസ സൗകര്യത്തിനായി ചെലവ് വര്‍ധിച്ചുവെന്ന ആക്ഷേപം ഉയര്‍ന്നതിനാല്‍ ലോഡ്ജുടമകളുടെ യോഗം ചേരാനുള്ള സാധ്യത ആരായുന്നുണ്ട്. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലാണ് ഭക്ഷണം ഒരുക്കുക. കെഎസ്ടിഎയ്ക്കാണു ഭക്ഷണത്തിന്റെ ചുമതല. ഉച്ചഭക്ഷണത്തിന് ദിവസവും പന്തീരായിരം പേര്‍ എത്തുമെന്നാണു പ്രതീക്ഷ.പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സൗജന്യമായാണു ഭക്ഷണം വിതരണം ചെയ്യുന്നത്. പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ കെഎസ്ടിഎയുടെ നേതൃത്വത്തില്‍ എത്തിച്ചുനല്കും. ഇല ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളിലാണ് വിളമ്പുക. സ്റ്റേഡിയത്തില്‍ തയാറാക്കുന്ന ഭക്ഷണം പ്രധാന വേദികളിലെത്തിച്ച് പാത്രങ്ങളില്‍ വിളമ്പിക്കൊടുക്കും. വലിയ പന്തലില്‍ ഭക്ഷണം കൊടുക്കുകയെന്ന ക്രമീകരണം ഇക്കുറിയുണ്ടാകില്ല. വേദികളിലേക്കാവശ്യമായ മറ്റു സംവിധാനങ്ങളും പലരും സൗജന്യമായി തന്നെയാണ് ഒരുക്കി നല്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍