ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്; ഇന്ധന വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍

കോട്ടയം: അന്താരാഷ്ട്ര വില തുടര്‍ച്ചയായി കുറഞ്ഞിട്ടും വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയായി നില്ക്കുന്നു. ഇത്തരം വിഷയങ്ങളില്‍ യാതൊരു പ്രതികരണവും നടത്താതെ ബിജെപി ഉള്‍പ്പെടെയുള്ള ഭരണകക്ഷികള്‍ മറ്റു വൈകാരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനേ താണു. ഇന്ത്യയില്‍ ഇന്ധനവില താണത് നിസാര തോതില്‍. ഒക്‌ടോബര്‍ തുടക്കത്തിലെ വിലയില്‍നിന്ന് 29 ശതമാനം താഴെയെത്തി ബ്രാന്റ് ഇനം ക്രൂഡ്ഓയില്‍ വില. ചൊവ്വാഴ്ച രാത്രി ഒരു വീപ്പ ബ്രെന്റിന്റെവില 61 ഡോളര്‍വരെ താണിരുന്നു. ബുധനാഴ്ച വില അല്പം ഉയര്‍ന്ന് 63.52 ഡോളറിലാണ്. ഒക്‌ടോബര്‍ ആദ്യം 80 ഡോളറിനു മുകളിലെത്തിയതാണ് ക്രൂഡ് വില. അതേസമയം, ഇന്ത്യയിലെ ഇന്ധനവില സാവധാനമാണു താഴുന്നത്. ഒക്‌ടോബര്‍ അഞ്ചിനു ലോക വിപണിയിലെ വിലക്കയറ്റം നിലച്ചതാണ്. പിന്നീട് താഴുകയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഒക്‌ടോബര്‍ 17 വരെ ദിവസവും വില കൂട്ടി. പിന്നീടാണു കുറയ്ക്കാന്‍ തുടങ്ങിയത്. കോട്ടയത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85.64 രൂപയില്‍നിന്ന് ബുധനാഴ്ച 78.67 രൂപയിലേക്കു താണു. ഒരു മാസംകൊണ്ട് കുറഞ്ഞത് 6.97 രൂപ അഥവാ 8.14 ശതമാനം. ഡീസല്‍ വിലയില്‍ ഇതേ സമയത്തുണ്ടായ കുറവ് അഞ്ചു രൂപ മൂന്നു പൈസ. 6.25 ശതമാനം കുറവ്. ബുധനാഴ്ച ഡീസല്‍ ലിറ്ററിന് 75.47 രൂപയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍