സ്‌കൂളുകളില്‍ തോന്നിയപോലെ പി.ടി.എ ഫണ്ട് പിരിക്കുന്നതിന് കടിഞ്ഞാണ്‍

കൊല്ലം: സ്‌കൂളുകളിലെ പി.ടി.എ ഫണ്ടിന്റെ ദുര്‍വിനിയോഗത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കടിഞ്ഞാണ്‍. അസലിന്റെ പകര്‍പ്പ് സൂക്ഷിക്കാന്‍ കഴിയുന്ന കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ചുള്ള രസീത് മാത്രമേ ഇനി മുതല്‍ സ്‌കൂളുകളില്‍ പണപ്പിരിവിനായി ഉപയോഗിക്കാവൂയെന്നും കണക്കുകള്‍ വകുപ്പ് തലത്തില്‍ പരിശോധിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെയും ടി.ടി.ഐകളിലെയും പി.ടി.എ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടക്കുന്നതായും സര്‍ക്കാര്‍ നിശ്ചയിച്ചുള്ളതിനേക്കാള്‍ ഉയര്‍ന്ന തുക പിടിച്ചുവാങ്ങുന്നതായും വ്യാപക പരാതി ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും രസീത് നല്‍കാതെയാണ് പണപ്പിരിവ്. ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ സ്ഥിരീകരിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. നിലവില്‍ സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന എല്ലാ രസീതുകളും പിന്‍വലിക്കണം. പുതുതായി കാര്‍ബര്‍ പേപ്പര്‍ ഉപയോഗിക്കുന്ന രസീതുകള്‍ അച്ചടിച്ച് നമ്ബര്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷമേ ഉപയോഗിക്കാവൂ. എ.ഇ.ഒ മുതല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ സ്‌കൂളുകളിലെത്തി രസീതും പി.ടി.എയുടെ വരവ് ചെലവ് കണക്കുകളും പരിശോധിക്കണം. കണക്കുകള്‍ വകുപ്പ് തലത്തില്‍ ഓഡിറ്റ് നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍