കൊച്ചി മുസിരിസ് ബിനാലെ: കൂടുതല്‍ ഗതാഗത സൗകര്യമൊരുക്കും

കൊച്ചി: പ്രളയയാനന്തരം ടൂറിസം മേഖലയിലുണ്ടായിട്ടുള്ള മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ കൊച്ചി മുസിരിസ് ബിനാലെ സഹായിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ ബിനാലെ സന്ദര്‍ശിക്കാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ബോള്‍ഗാട്ടിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനാലെ നടക്കുന്ന സ്ഥലങ്ങള്‍ പ്ലാസ്റ്റിക് രഹിത പ്രദേശമായി പ്രഖ്യാപിക്കും. പ്രദേശത്തെ മാലിന്യനിര്‍മാര്‍ജനം കുറ്റമറ്റതാക്കാന്‍ കൊച്ചി നഗരസഭയ്ക്ക് മന്ത്രി നിര്‍ദേശം നല്കി. ബിനാലെയില്‍ സന്ദര്‍ശകരുടെ യാത്രാസൗകര്യം ഉറപ്പുവരുത്താനായി ബോട്ട് സര്‍വീസുകളുടെയും എറണാകുളംഫോര്‍ട്ടുകൊച്ചി ബസ് സര്‍വീസുകളുടെയും എണ്ണം കൂട്ടും. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി കെഎസ്ആര്‍ടിസിയോടും ജലഗതാഗത വകുപ്പിനോടും ആവശ്യപ്പെട്ടു. കൂടുതല്‍ റോ റോ സര്‍വീസ് നടത്താന്‍ കെഎസ്‌ഐഎന്‍സിയോട് ആവശ്യപ്പെടും. ബിനാലെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് കൂടുതല്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കും. ബൈക്ക് പട്രോളിംഗ് ശക്തമാക്കും. ഫോര്‍ട്ടുകൊച്ചിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. ടാക്‌സി ഓട്ടോഡ്രൈവര്‍മാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ഹോംസ്റ്റേ നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക പരിശീലനവും പോലീസ് സംഘടിപ്പിക്കും.ബിനാലെയുടെ സംഘാടനം കുറ്റമറ്റതാക്കാന്‍ ജില്ലാ കളക്ടര്‍ കണ്‍വീനറായ ഉപദേശകസമിതി രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സന്ദര്‍ശനവും പങ്കാളിത്തവും ബിനാലെയില്‍ ഉറപ്പാക്കാനായി വിദ്യാഭ്യാസവകുപ്പിന്റെ സഹകരണം തേടും. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലും ബിനാലെ സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കും. കെ.വി. തോമസ് എംപി, കെ.ജെ. മാക്‌സി എംഎല്‍എ, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡിസംബര്‍ 12ന് ആരംഭിക്കുന്ന 108 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെയുടെ തീം 'അന്യതയില്‍ നിന്ന് അന്യോന്യത്തിലേക്ക്' എന്നതാണ്. 32 രാജ്യങ്ങളില്‍ നിന്നായി 138 കലാകാരന്‍മാരുടെ 94 പ്രൊജക്ടുകളാണ് ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍