ഇന്ത്യയുമായി നല്ല ബന്ധമാണ് ആവശ്യം: ഇമ്രാന്‍ ഖാന്‍

കര്‍താര്‍പുര്‍: ഇന്ത്യയുമായി ശക്തവും സംസ്‌കാരവുമുള്ള ബന്ധമാണ് പാക്കിസ്ഥാനാവശ്യമെന്നും നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കര്‍താര്‍പുര്‍ ഇടനാഴിയുടെ തറക്കല്ലിടല്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിക്ക് മതസ്ഥാപകന്‍ ഗുരു നാനാക്ക് മരണം വരെ ചെലവഴിച്ച കര്‍താര്‍പുരിലെ ദര്‍ബാര്‍ സാഹിബും പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ദേരാ ബാബാ നാനാക് പുണ്യകേന്ദ്രവും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഇടനാഴി. ഇന്ത്യയില്‍നിന്നുള്ള സിക്ക് തീര്‍ഥാടകര്‍ക്ക് വീസ ഇല്ലാതെ ഈ ഇടനാഴിയിലൂടെ കര്‍താര്‍പുര്‍ ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്താനാകും. ദേരാ ബാബ നാനാക് പുണ്യകേന്ദ്രത്തില്‍നിന്നും നാലു കിലോമീറ്റര്‍ അകലെ പാക്കിസ്ഥാനില്‍ രവി നദിക്കരയിലാണ് കര്‍താപുര്‍ സാഹിബ് സ്ഥിതി ചെയ്യുന്നത്.1522 ആണ് കര്‍താപുര്‍ ഗുരുദ്വാര സ്ഥാപിതമായത്. മരണം വരെ 18 വര്‍ഷം ഗുരുനാനാക്ക് ഇവിടെയാണ് താമസിച്ചത്. ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും ചടങ്ങില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാക് കരസേനാ മേധാവി ഖമര്‍ ജാദവ് ബജ്‌വ, പാക് സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥര്‍, ഇന്ത്യയില്‍നിന്ന് കേന്ദ്രമന്ത്രിമാരായ ഹസിമ്രത് കൗര്‍ ബാദല്‍, ഹര്‍ദീപ് സിംഗ് പുരി, പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദു, നയതന്ത്രപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു പാക്കിസ്ഥാനിലെത്തിയ സിദ്ദുവാണ് കര്‍താര്‍പുര്‍ ഇടനാഴിയുടെ കാര്യം പാക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍