പ്രളയകാലത്തെ കുടുംബശ്രീ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി

കല്‍പ്പറ്റ: പ്രളയകാലത്ത് ദുരിതം നേരിട്ടവരെ സഹായിക്കുന്നതിനായി കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കുടുംബശ്രീ മുഖേന പ്രളയബാധിതര്‍ക്ക് പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങള്‍ നല്‍കുന്ന ചടങ്ങ് കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിനാളുകള്‍ക്കാണ് വീടും ഗൃഹോപകരണങ്ങളും മറ്റ് സാധനങ്ങളുമൊക്കെ നഷ്ടമായത്. ദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്നതിനായി സര്‍ക്കാരിനൊപ്പം നിന്ന മത്സ്യത്തൊഴിലാളികള്‍ക്കും സേനാവിഭാഗങ്ങളോടുമൊപ്പം സ്ത്രീകള്‍ ഒറ്റക്കെട്ടായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചുവെന്നത് അഭിനന്ദനാര്‍ഹമാണ്. ദുരിതബാധിതര്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍ എന്നതുകൊണ്ടാണ് ഇത്തരത്തില്‍ കുറഞ്ഞവിലക്ക് ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുന്നത്. ക്യാമ്പില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം പതിനായിരം രൂപ ധനസഹായവും തുടര്‍ന്ന് ഒരു ലക്ഷം രൂപ വായ്പയും വിതരണം ചെയ്തു. പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ മാനേജ്‌മെന്റ് വൈദഗ്ധ്യം അത്ഭുതമുളവാക്കുന്നതാണ്. ഒരു മാനേജ്‌മെന്റ് പഠനവും ഇല്ലാതെയാണ് സംസ്ഥാനത്തെ 70 ലക്ഷം കുടുംബങ്ങളുടെ പ്രവര്‍ത്തനം സുഗമമായി കൊണ്ടുപോകാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നത്. ഇവരുടെ ഉന്നമനത്തിനായി സാധ്യമായതെല്ലാം കുടുംബശ്രീ വഴി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. ദേശീയ നഗര ഉപജീവന മിഷന്‍ പോര്‍ട്ടലില്‍ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളുടെയും വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത സിഡിഎസുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി. അയല്‍ക്കൂട്ടങ്ങളില്‍ നിന്നും പിരിച്ച തുകകൊണ്ട് മേപ്പാടി സിഡിഎസ് നിര്‍മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ദാനം ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. നവകേരള ലോട്ടറി കൂടുതല്‍ വില്‍പ്പന നടത്തിയ സിഡിഎസുകള്‍ക്ക് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. ദേവകിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ തുക സ്വരൂപിച്ച സിഡിഎസുകള്‍ക്ക് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തന്പിയും ഉപഹാരങ്ങള്‍ നല്‍കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. സാജിത, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ്, മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ കെ.പി. ജയചന്ദ്രന്‍, കെ.എ. ഹാരിസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ പി.കെ. സുഹൈല്‍ എന്നിവര്‍ പ്രസംഗിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍