നോട്ട് നിരോധനം : നിലപാട് തിരുത്തി കേന്ദ്ര കൃഷിമന്ത്രാലയം

ന്യൂഡല്‍ഹി: നോട്ടു നിരോധനം കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയെന്ന റിപ്പോര്‍ട്ടില്‍നിന്നു മലക്കംമറിഞ്ഞ് കേന്ദ്ര കൃഷിമന്ത്രാലയം. കഴിഞ്ഞയാഴ്ച സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ നോട്ടു നിരോധനത്തെ കൃഷിമന്ത്രാലയം കുറ്റപ്പെടുത്തിയിരു ന്നു. ഇതിനു വിരുദ്ധമായി കഴിഞ്ഞ ദിവസം നോട്ടു നിരോധനം കാര്‍ഷിക മേഖലയ്ക്കു ഗുണം ചെയ്തു എന്നും ആദ്യറിപ്പോര്‍ട്ട് വസ്തുതാപരമായ പിശകാണെന്നും വിശദീകരിച്ചു പുതിയ റിപ്പോര്‍ട്ട് നല്കി. വിത്തുകളുടെയും വളത്തിന്റെയും വില്‍പന വര്‍ധിച്ചുവെന്നും കാര്‍ഷിക മേഖലയുടെ വ്യാപ്തി വര്‍ധിച്ചുവെന്നും പുതിയ കുറി പ്പില്‍ പറയുന്നു. നോട്ടു നിരോധനം ഏര്‍പ്പെടുത്തിയശേഷം ലക്ഷക്കണക്കിനു കര്‍ഷകര്‍ വിത്തും വളവും വാങ്ങാന്‍ നിവൃത്തിയില്ലാതെ നെട്ടോട്ടമോടിയെന്നാണ് കൃഷിമന്ത്രാലയം ആദ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. നോട്ടുകള്‍ നിരോധിച്ചതോടെ കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങാന്‍ പണമില്ലാതായി. വിളകള്‍ വിപണിയില്‍ വിറ്റഴിക്കാനും സാധിച്ചില്ല. വന്‍ ഭൂവുടമകള്‍ പോലും കൂലി നല്‍കാന്‍ കഴിയാതെ വിഷമിച്ചു. നാഷണല്‍ സീഡ്‌സ് കോര്‍പറേഷന്‍ 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പ് വില്‍ക്കാന്‍ കഴിയാതെ വെട്ടിലായി. ഇതൊക്കെയാണ് ആദ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണു പ്രചരിക്കുന്നതെന്നു പറഞ്ഞു കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് പ്രസ്താവനയിറക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍