മകന്റെ മരണത്തില്‍ ദുരൂഹത, അന്വേഷണമാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ പരാതി നല്‍കി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ഇത് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതാണ്. എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ അന്തരിച്ചത്. ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപ് ജംക്ഷനു സമീപം സെപ്തംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ ലക്ഷ്മിയ്ക്കും ഡ്രൈവര്‍ക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍