ബിഗ്ബിയ്ക്ക് ഒരു സല്യൂട്ട്....!

സജിത്ത്.കെ.പൊന്നമ്പുറത്ത്

രാജ്യത്തിന് അന്നം വിളമ്പുന്ന കര്‍ഷകര്‍ക്ക് എന്നും എവിടെയും അവഗണനയാണ്.ഇടനിലക്കാരുടെയും മറ്റും ചൂഷണത്തിന് ഇരയാകുന്ന അവര്‍ക്ക്,അധ്വാനത്തിനനുസരിച്ച് പ്രതിഫലം ലഭിക്കുന്നില്ല.കടെക്കണിയാണ് ഒരു സാധാരണ കര്‍ഷക കുടുംബത്തിനെ കാത്തിരിക്കുന്നത്.സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്.തെരഞ്ഞെടുപ്പുകളടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കടം എഴുതിതള്ളുമെന്നൊക്കെ ഉറപ്പു നല്‍കും.എന്നാല്‍ അതിനു തക്ക നടപടികള്‍ ഉണ്ടാകാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.സര്‍ക്കാറുകളുടെ കണ്ണു തുറപ്പിക്കാന്‍ കര്‍ഷകര്‍ക്ക് പ്രക്ഷോഭത്തിനിറങ്ങേണ്ടി വരുന്നു. ഈയൊരു പശ്ചാത്തലത്തില്‍,കര്‍ഷകരോട് അനുഭാവപൂര്‍ണ്ണമായ ഒരു സമീപനം നമ്മള്‍ കണ്ടു,തികച്ചും മാതൃകാപരവും അഭിനന്ദനീയവുമായ ഒരു പ്രവൃത്തി.ഏതെങ്കിലും സര്‍ക്കാറുകളില്‍ നിന്നോ,സംഘടനകളില്‍ നിന്നോ അല്ല,ഒരു വ്യക്തിയില്‍ നിന്നാണ് മഹത്തരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നീക്കമുണ്ടായത്.ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ താരമായ അമിതാഭ് ബച്ചനാണ് ആ വ്യക്തി.അദ്ദേഹം ചെയ്തത് 1348 കര്‍ഷകരുടെ വായ്പ സ്വയം അടച്ചു തീര്‍ത്തു എന്നതാണ്.കര്‍ഷകര്‍ ഇന്നു നേരിട്ടുക്കൊണ്ടിരിക്കുന്ന ദുരിതക്കയം വിലയിരുത്തുമ്പോള്‍ അമിതാഭ് ചെയ്തത് തികച്ചും ഒരു പുണ്യ പ്രവര്‍ ത്തിയാണ്.നന്മയുടെ ഒരു വന്‍മരമാവുകയാണ് ഈ താരം.കഴിഞ്ഞ വര്‍ഷം 350 കര്‍ഷകരുടെ കടങ്ങളും അദ്ദേഹം തിരിച്ചടച്ചിരുന്നു.രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മഹാരാഷ്ട്രയിലെ 44 സൈനികരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ചെയ്യാ നും അദ്ദേഹം തയ്യാറായി. ജീവിത സായാഹ്നത്തിലെ ത്തി നില്‍ക്കുന്ന ബിഗ്ബി ഇനി രാഷ്ട്രീയ ലക്ഷ്യങ്ങളോ മറ്റു നേട്ടങ്ങളോ ലക്ഷ്യം വയ്ക്കുന്നില്ല.കര്‍ഷകരെ സഹായിച്ചു രാഷ്ട്രീയത്തില്‍ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ നേടാമെന്ന വ്യാമോഹവും അമിതാഭിനു ഉണ്ടാകില്ല. അപ്പോള്‍ അദ്ദേഹം ഇതെ ല്ലാം ചെയ്തത് തന്റെ മനസാക്ഷിയുടെ ഇച്ഛയ്ക്കനുസരിച്ച് തന്നെയാകണം.സിനിമാസ്വാദകരായ ജനങ്ങളാണ് അമിതാഭിനെ സൂപ്പര്‍ താരമായി ഉയരങ്ങളിലെത്തിച്ചത്.തന്റെ സിനിമകളോടു പ്രേക്ഷകര്‍ കാട്ടിയ സ്‌നേഹം ഇത്തരം പ്രവര്‍ത്തികളിലൂടെ തിരിച്ചു നല്‍കുകയെന്നു തന്നെയാകാം അമിതാഭ് ഉദ്ദേശിച്ചത്. രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിയായി തന്നെ വളര്‍ത്തിയെടുത്തത് സാധാരണക്കാരായ ജനങ്ങളാണെന്നു ഈ താരം ഉള്‍ക്കൊള്ളുന്നു.അന്തര്‍ദേശീയ പുരസ്‌കാരങ്ങളോ നിരൂപക കേസരികളോ അല്ല അമിതാഭിനെ വളര്‍ത്തിയത്.കര്‍ഷകരും കൂലിത്തൊഴിലാളികളും ഉള്‍പ്പെട്ട സമൂഹമാണ്.രോഷാകുലനായ യുവാവായി അമിതാഭ് സ്‌ക്രീനില്‍ തകര്‍പ്പന്‍ സംഭാഷണങ്ങള്‍ ഉരുവിട്ടതും വില്ലന്മാരെ അടിച്ചൊതുക്കിയതുമെല്ലാം സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ രസിപ്പി ക്കാനായിരുന്നു. അവരുടെ കയ്യടികള്‍ രാജേഷ് ഖന്നയെ പിന്‍തള്ളി അമിതാഭ് ബച്ചന് സൂപ്പര്‍താര സിംഹാസനം ഒരുക്കിക്കൊടുത്തു.1982 ല്‍ കൂലി എന്ന സിനിമയുടെ സെറ്റില്‍ സംഘട്ടന രംഗത്ത് അതിഗുരുതരമായ പരിക്കേറ്റ് അത്യാസന്ന നിലയിലായ അമിതാഭിനു വേണ്ടി മാസങ്ങളോളമാണ് ആരാധകര്‍ പ്രാര്‍ത്ഥിച്ചത്.ഈയൊരു ജനവികാരം മനസ്സിലാക്കി സുഹൃത്തായ രാജീവ് ഗാന്ധി കോണ്‍ഗ്രസ്സിലേക്കു അമിതാഭിനെ ക്ഷണിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും ചെയ്തു.ലോകസഭാ എം.പിയായെങ്കിലും രാഷ്ട്രീയക്കാര ന്‍ എന്ന നിലയില്‍ അമിതാഭ് ഒരു പരാജയമായിരുന്നു.രാഷ്ട്രീയം വിട്ട് വീണ്ടും തന്റെ തട്ടകത്തിലേക്ക് തിരിച്ചു വന്ന ബിഗ്ബി തന്റെ പഴയപ്രതാപം തിരിച്ചു പിടിക്കുന്നതാണ് പിന്നെ കണ്ടത്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ താരം എന്ന വിശേഷണത്തിനു അര്‍ഹന്‍ അമിതാഭ് തന്നെ.തന്റെ രാജ്യത്തെ കര്‍ഷകര്‍ക്കു വേണ്ടി അദ്ദേഹം ചെയ്ത സല്‍പ്രവൃത്തി വളരെ മഹത്തരമാണ്.ബിഗ്ബിയ്ക്ക് ഒരു ബിഗ് സല്യൂട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍