ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മേല്‍നോട്ട സമിതിക്ക്

കൊച്ചി:മണ്ഡലകാലത്ത് ശബരിമലയുടെ നിയന്ത്രണം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്നംഗ മേല്‍നോട്ട സമിതി ഏറ്റെടുക്കും. ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മേല്‍നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും സമിതിക്ക് ഇടപെടാം. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ശബരിമയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സ്‌പെഷ്യല്‍ കമ്മിഷണര്‍ മുതല്‍ ഇനി സമിതിയെ സഹായിക്കണം. ഏതെങ്കിലും കാര്യത്തില്‍ സമിതിക്ക് വ്യക്തത വേണമെങ്കില്‍ അപ്പപ്പോള്‍ കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ശബരിമലയില്‍ ക്രമസമാധാനപാലനത്തിനൊഴികെ പൊലീസ് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണവും റദ്ദാക്കിക്കൊണ്ടും സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാക്കാനും ക്രമസമാധാനം ഉറപ്പാക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി റിട്ട. ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട മൂന്നംഗ നിരീക്ഷണ സമിതിക്കും ഹൈക്കോടതി രൂപം നല്‍കിയത്. ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍, ഡി.ജി.പി എ. ഹേമചന്ദ്രന്‍ എന്നിവരാണ് സമിതിയിലുള്ളത്. ഈ സീസണിലേക്കാണ് സമിതിയെ നിയോഗിച്ചിട്ടുള്ളത്. ഭക്തരുടെ നാമജപവും ശരണംവിളിയും തടയരുത്. എന്നാല്‍ ഇതിന്റെ മറവില്‍ പ്രതിഷേധവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഹോട്ടലുകളും ഭക്ഷണശാലകളും 24 മണിക്കൂറും പ്രവര്‍ത്തിക്കണം. ഇതിന് ദേവസ്വം ബോര്‍ഡ് സൗകര്യമൊരുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ തടസപ്പെടുത്തരുത്. എന്നാല്‍ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉചിതമായ നിയന്ത്രണമാകാം. പമ്പയിലെ ടോയ്‌ലെറ്റ് സൗകര്യം ദേവസ്വം ബോര്‍ഡും വാട്ടര്‍ അതോറിട്ടിയും ഉറപ്പാക്കണം. സ്‌പെഷ്യല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ടില്‍ പൊലീസ് നിയന്ത്രണം കാരണം തിരുമുറ്റത്തെ മഹാകാണിക്കയുടെ അടുത്തേക്ക് ഭക്തര്‍ക്ക് എത്താനാവുന്നില്ലെന്ന് പറഞ്ഞിരുന്നു. ഭക്തര്‍ക്ക് മഹാകാണിക്കയുടെ അടുത്തേക്കെത്താന്‍ സൗകര്യമൊരുക്കണം. ക്ഷേത്രപരിസരത്ത് പ്രതിഷേധവും ധര്‍ണയും പ്രകടനവുമൊന്നും അനുവദിക്കാനാവില്ല. സമാധാനപരമായ ദര്‍ശനത്തിനാണ് പരമപ്രാധാന്യം. ഇത് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തടയണം. ഇതിനായി പൊലീസിന് ന്യായമായ പരിശോധനയും ചോദ്യം ചെയ്യലുമൊക്കെ നടത്താം. നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഏകോപിപ്പിക്കണം. ദേവസ്വം ബോര്‍ഡ് സൗകര്യമൊരുക്കണം. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍