പൃഥ്വി ഷായ്ക്ക് ആദ്യ ടെസ്റ്റ് നഷ്ടമായേക്കും

സിഡ്‌നി: ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിനിടയില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പരിക്ക്. ചതുര്‍ദിന മത്സരത്തിന്റെ ഫീല്‍ഡിംഗിനിടെ യുവതാരത്തിന്റെ കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരേ അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ പൃഥ്വി കളിക്കുന്ന കാര്യം സംശയത്തിലായി. ഓസ്‌ട്രേലിയ ഇലവന്‍ ഓപ്പണര്‍ മാക്‌സ് ബ്രയാന്തിനെ ബൗണ്ടറി ലൈനില്‍ ക്യാച്ച് എടുത്ത് പുറത്താനുള്ള ശ്രമത്തിനിടെയാണ് പൃഥ്വിക്ക് പരിക്കേറ്റത്. പരിക്കേറ്റുവീണ പൃഥ്വിയെ എടുത്തുകൊണ്ടാണ് പുറത്തേക്ക് കൊണ്ടുപോയത്. പൃഥ്വിയെ ആശുപത്രിയില്‍ സ്‌കാനിംഗിനായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കാനിംഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷമേ പൃഥ്വിക്ക് കളിക്കാനാകുമോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. മിന്നുന്ന ഫോമിലുള്ള പൃഥ്വി ഷായുടെ പരിക്ക് ആദ്യ ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയാണ്. പരിശീലന മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ താരം 69 പന്തില്‍ 66 റണ്‍സെടുത്തിരുന്നു. അഡ്‌ലെയ്ഡ് ഓവറില്‍ ഡിസംബര്‍ ആറിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍