വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 6 വിമാനത്താവളങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ദില്ലി, മുംബൈ എയര്‍പോര്‍ട്ടുകള്‍ നേരത്തെ തന്നെ ബി.ജെ.പി സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ് ധൃതിപിടിച്ചുള്ള തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ 6 വര്‍ഷത്തെ കണക്കെടുത്താല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 100ശതമാനം വര്‍ദ്ധനവാണുണ്ടായത്. 30ശതമാനം വാര്‍ഷിക വളര്‍ച്ചയുള്ള വിമാനത്താവളമാണിത്. 600 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് അതോറിട്ടി അംഗീകാരം നല്‍കി മുന്നോട്ടു പോവുകയാണ്. 18 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കി വികസന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം. ഏത് കാലാവസ്ഥയിലും വിമാനമിറങ്ങാന്‍ കഴിയുന്ന രാജ്യത്തെ തന്നെ മികച്ച വിമാനത്താവളത്തെയാണ് സ്വകാര്യവത്ക്കരിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍