സഹകരണ വകുപ്പ് നാലായിരം വീടുകള്‍ നിര്‍മിച്ചു നല്കും: മന്ത്രി കടകംപള്ളി

കണ്ണൂര്‍: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കു നാലായിരം വീടുകള്‍ സഹകരണ വകുപ്പ് നിര്‍മിച്ചുനല്‍കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നവകേരള നിര്‍മിതിക്കു കണ്ണൂര്‍ ജില്ലാ പോലീസ് സഹകരണ സംഘം നല്‍കിയ 12.5 ലക്ഷം രൂപ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെയര്‍ ഹോം എന്ന പേരില്‍ നിര്‍മിക്കുന്ന 2000 വീടുകള്‍ ഡിസംബറില്‍ മുഖ്യമന്ത്രി ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്യും. സഹകരണ സ്ഥാപനങ്ങളില്‍നിന്നും സംഘങ്ങളില്‍നിന്നും ലഭിച്ച പണം ഉപയോഗിച്ചാണു സഹകരണ വകുപ്പ് വീടുകള്‍ പണിയുന്നത്. ഒരു വീടിന് അഞ്ചുലക്ഷം രൂപയാണു ചെലവഴിക്കുന്നത്. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു വന്ന തുക ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വന്നിട്ടില്ലെന്നും പ്രയാസങ്ങള്‍ക്കിടയിലും ജനങ്ങള്‍ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കിയതായും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയ പണം അമ്പലത്തിലോ പള്ളിയിലോ കൊണ്ടിട്ടതായി ചിന്തിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. യു. അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ജെ. വിജയകുമാര്‍, കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്‍, എം.കെ. ഗണേഷ് ബാബു, ഇ. ദിനേശന്‍, ടി. രമേശന്‍, ടി.വി. രാജേഷ്, പ്രേമന്‍ കുന്നിരിക്കല്‍, ജീജ കൂഴിപ്പള്ളില്‍, ടി.വി. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പരിപാടി നടന്ന സഹകരണ സംഘം പോലീസ് ഓഡിറ്റോറിയത്തില്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍