പുതിയ പെട്രോള്‍ പമ്പ്: നടപടി നിയമക്കുരുക്കിലേക്ക്

കൊച്ചി: പെട്രോളിനും ഡീസലിനും ഡിമാന്‍ഡുയര്‍ന്നത് പരിഗണിച്ച് രാജ്യത്ത് കൂടുതല്‍ പമ്പുകള്‍ തുറക്കാനുള്ള എണ്ണ വിതരണ കമ്പനികളുടെ നീക്കത്തിനെതിരെ ഓള്‍ ഇന്ത്യ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എ.ഐ.പി.ഡി.എ) കോടതിയെ സമീപിക്കുന്നു. പുതിയ പമ്പുകള്‍ തുറക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് തന്നെ വിരുദ്ധമാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ബന്‍സാല്‍ പറഞ്ഞു.2025ഓടെ പെട്രോള്‍ പമ്പുകളുടെ എണ്ണം കുറയ്ക്കുമെന്നും ഹരിത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്‌സാഹിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ പമ്പുകള്‍ തുറക്കുന്നതോടെ ഈ ലക്ഷ്യം അട്ടിമറിക്കപ്പെടും. കേന്ദ്ര നീക്കത്തെ അസോസിയേഷന്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പമ്പുകള്‍ തുറക്കാനുള്ള നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കഴിഞ്ഞദിവസം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും ആവശ്യപ്പെട്ടിരുന്നു. അന്തരീക്ഷ മനിലീകരണം കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തെ തകിടംമറിക്കുന്നതാണ് കേന്ദ്രതീരുമാനം. പുതിയ പമ്പുകള്‍ തുറക്കുന്നത് ഹരിത ട്രൈബ്യൂണലിന്റെ വിധിക്ക് എതിരാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.അതേസമയം, നിലവില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിക്കാത്തതിനാല്‍ പുതിയ പമ്പുകള്‍ക്കായുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം. രാജ്യവ്യാപകമായി 55,649 പുതിയ പെട്രോള്‍ പമ്പുകള്‍ തുറക്കാനായി കഴിഞ്ഞദിവസം എണ്ണക്കമ്പനികള്‍ അപേക്ഷ ക്ഷണിച്ചിരുന്നു. നിലവില്‍ 62,000 പെട്രോള്‍ പമ്പുകളാണ് രാജ്യത്തുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍