കോടതിയാണ് നിയമം പ്രഖ്യാപിക്കേണ്ടത്: ജസ്റ്റിസ് കെമാല്‍ പാഷ


കൊല്ലം: തന്ത്രിയും മന്ത്രിയുമല്ല കോടതിയാണ് നിയമം പ്രഖ്യാപിക്കേണ്ടതെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ പറഞ്ഞു. പുനലൂര്‍ ബാലന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സത്യം വിളിച്ച് പറഞ്ഞാല്‍ തന്റെ വീടിന് മുന്നിലും നാമജപം നടക്കുന്ന അവസ്ഥയാണിപ്പോള്‍. ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അവമതിപ്പുണ്ടാകുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. അതീവ സുരക്ഷാ മേഖലയായ എയര്‍പോര്‍ട്ടിലും കൈകൊട്ടി കളി നടത്തുകയാണ്. 
ഒരു മുസ്ലിം എയര്‍പോര്‍ട്ടില്‍ ഇങ്ങനെ പ്രതിഷേധിച്ചാല്‍ വിവരമറിയും. ഭീകരവാദിയായി ചിത്രീകരിക്കും. ജയിലില്‍ നിന്ന് ഇറങ്ങാന്‍ സമയം കിട്ടില്ല. നമ്മുടെ ഭരണഘടന അനുസരിക്കില്ലെന്ന് നമ്മള്‍ തന്നെ പ്രഖ്യാപിക്കുകയാണ്.
ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കണം. ആശാന് ശേഷം കേരളം കണ്ട ഏറ്റവും ശക്തനായ നവോത്ഥാന കവിയായിരുന്നു പുനലൂര്‍ ബാലനെന്നും കെമാല്‍ പാഷ പറഞ്ഞു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. വിഷ്ണുദേവ്, റഷീദ്, അനിത ബാലന്‍, സന്ധ്യ ബാലന്‍, സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.
വി. ഹര്‍ഷകുമാര്‍ സ്വാഗതം പറഞ്ഞു. പുനലൂര്‍ ബാലനെക്കുറിച്ച് ഡി. സുരേഷ് കുമാര്‍ എഴുതിയ 'ആഗ്‌നേയം' എന്ന കവിത സംഗതീജ്ഞന്‍ ടി.എസ്. ജയരാജ് ആലപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍