മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണം

അങ്കമാലി: മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ടിന്റെ ബലക്ഷയവും ദുരന്ത സാധ്യതകളും കണക്കിലെടുത്ത് പുതിയ അണക്കെട്ട് എത്രയും വേഗം നിര്‍മിക്കണമെന്ന് സേവ് കേരള സെമിനാര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ജനുവരിയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ സഹകരണത്തോടെ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നും നിലവിലെ ഡാമിന് അപ്രതീക്ഷിതമായി എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ വലിയൊരു ജനവിഭാഗത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശിച്ചിരുന്നു. പ്രമുഖ അഭിഭാഷകന്‍ റസല്‍ ജോയി സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് കേരളത്തിന് അനുകൂലമായ വിധിയുണ്ടായത്. കേരളത്തിലൂടെ ഒഴുകുന്ന മുല്ലപ്പെരിയാര്‍ നദിയും അതില്‍ നിര്‍മിച്ച അണക്കെട്ടും എപ്രകാരം തമിഴ്‌നാടിന്റെ അധീനതയില്‍ വന്നുവെന്നും പുതിയ അണക്കെട്ടിനെ തമിഴ്‌നാട് എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്നും റസല്‍ ജോയി വിശദീകരിച്ചു.ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തി. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സേവ് കേരള അങ്കമാലി മേഖല പ്രസിഡന്റ് സാജു ചാക്കോ അധ്യക്ഷത വഹിച്ചു. റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, റവ. എല്‍ദോസ് മാത്യു തേലപ്പിള്ളി, ജോളി എം. പടയാട്ടില്‍, വര്‍ഗീസ് മൂലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍