സി.ബി.ഐ ഡയറക്ടര്‍ നിയമനം ; അധികാരം കേന്ദ്രത്തിനെന്ന് അറ്റോര്‍ണി

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടറെ നിയമിക്കാനുള്ള പൂര്‍ണാധികാരം തങ്ങള്‍ക്കാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി യില്‍ പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റി നല്‍കുന്ന പേരുകളില്‍ നിന്നൊരാളെ നിയമിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും കമ്മിറ്റിക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാനുള്ള അധികാരം മാത്രമേയുള്ളൂവെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത് നിയമവിരുദ്ധമായാണെന്ന് അലോക് വര്‍മ്മയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ വാദിച്ചു. ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ ഭേദഗതിക്ക് വിരുദ്ധമായാണ് കേന്ദ്രത്തിന്റെ നടപടി. രണ്ട് വര്‍ഷമാണ് ഡയറക്ടറുടെ കാലാവധി. അതിന് മുന്‍പ് ഡയറക്ടറെ മാറ്റണമെങ്കില്‍ പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതാധികാര സമിതിയുടെ മുന്‍കൂര്‍ അനുമതി വേണം. ഇതൊന്നും പാലിച്ചിട്ടില്ല. അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവേശിപ്പിച്ചത് സ്ഥലംമാറ്റത്തെക്കാള്‍ മോശമായ കാര്യമാണ്. കോടതിയില്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അലോക് വര്‍മ്മയെ മാറ്റിയത് നിയമവിരുദ്ധമായാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും വാദിച്ചു. അലോക് വര്‍മ്മയെ മാറ്റിയത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും ഇടക്കാല ഡയറക്ടറായി എം. നാഗേശ്വരറാവുവിനെ നിയമിച്ചത് റദ്ദാക്കണമെന്നും കോമണ്‍കോസ് എന്‍.ജി.ഒയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു.ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍