വിജയ് സേതുപതി മലയാളത്തില്‍, അരങ്ങേറ്റം ജയറാമിനൊപ്പം

തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. ഛായാഗ്രാഹകന്‍ സജന്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണിത്.രണ്ട് നായകന്മാരുള്ള ചിത്രത്തില്‍ ജയറാമാണ് മറ്റൊരു നായകന്‍.സത്യം ഓഡീയോസ് നിര്‍മ്മാണ രംഗത്ത് ചുവടുവയ്ക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സത്യം മൂവീസ് എന്നാണ് ബാനറിന് പേരിട്ടിരിക്കുന്നത്. ഷൂട്ടിംഗ് ജനുവരി രണ്ടാം വാരം ചങ്ങനാശ്ശേരിയില്‍ തുടങ്ങും. തമിഴ്‌നാട്ടിലെ പോലെ തന്നെ കേരളത്തിലും ധാരാളം ആരാധകരുള്ള താരമാണ് മക്കള്‍ സെല്‍വന്‍ എന്നറിയപ്പെടുന്ന വിജയ് സേതുപതി. ഒടുവില്‍ റിലീസായ 96 അടക്കം അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കേരളത്തില്‍ സൂപ്പര്‍ഹിറ്റാണ്. മലയാളത്തിന്റെ മരുമകന്‍ കൂടിയാണ് ഈ സൂപ്പര്‍താരം. കൊല്ലം സ്വദേശി ജെസിയെയാണ് വിജയ് സേതുപതി വിവാഹം ചെയ്തിരിക്കുന്നത്. തമിഴിലെ തിരക്കുകള്‍ മാറ്റിവച്ചാണ് താരം മലയാളത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തിയിരിക്കുന്നത്. സീതാക്കാതിയാണ് റിലീസിനൊരുങ്ങുന്ന ചിത്രം. ഇതില്‍ എണ്‍പതുകാരന്റെ ഗെറ്റപ്പിലെത്തി ഞെട്ടിക്കാനൊരുങ്ങുകയാണ് . ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം സൂപ്പര്‍ഡീലക്‌സാണ് മറ്റൊരു പ്രോജക്ട്. ഇതില്‍ ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തിലാണ് സേതുപതി എത്തുന്നത്. ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്ന തെലുങ്ക് ചിത്രം സെയ്‌റാ നരസിംഹ റെഡ്ഡി, രജനികാന്ത് നായകനാകുന്ന പേട്ട, ഇടം പൊരുള്‍ യേവല്‍ തുടങ്ങി ഒന്നിനൊന്നു വ്യത്യസ്തമായ വേഷങ്ങളാണ് തമിഴില്‍ വിജയ് സേതുപതിയെ കാത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍