നടവരവ് കുറഞ്ഞത് ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കും, ആശങ്ക പ്രകടിപ്പിച്ച് മന്ത്രി

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തെയടക്കം ബാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ഇത് ബോര്‍ഡിനെ കാര്യമായി ബാധിക്കും. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് പോലും പ്രതിസന്ധിയിലാകുമെന്നും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന കഠിന നിയന്ത്രണങ്ങളും യുവതീ പ്രവേശനവിധിയുടെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളും കാരണം നടവരവില്‍ വന്‍ ഇടിവാണ് ഉണ്ടായത്. നടതുറന്ന് 5 ദിവസത്തെ വരവില്‍ മുന്‍വര്‍ഷത്തെക്കാള്‍ 11.71 കോടി രൂപയുടെ കുറവുണ്ട്. ഓരോ വര്‍ഷവും 10 ശതമാനത്തിലേറെ വര്‍ദ്ധന ഉണ്ടാകുന്ന സ്ഥാനത്താണ് കുറവുവന്നത്. കഴിഞ്ഞ സീസണില്‍ ഇതേ ദിവസങ്ങളിലെ മൊത്തവരുമാനം 19,09,42,134 രൂപ ആയിരുന്നു. ഇക്കുറി 7,37,90,222 രൂപ. എല്ലാ ഇനങ്ങളിലും വരുമാനനഷ്ടമുണ്ട്. പ്രധാനം കാണിക്കയും അരവണയുമാണ്. കഴിഞ്ഞ സീസണില്‍ അരവണ വില്പനയില്‍ 8.27 കോടി ലഭിച്ചു. ഇപ്പോള്‍ ലഭിച്ചത് 2.73 കോടി രൂപ മാത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍