ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ഉറങ്ങുന്നത് കണ്ടു, ദുരൂഹത വര്‍ദ്ധിപ്പിച്ച് സാക്ഷിമൊഴികളിലെ വൈരുദ്ധ്യം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത വര്‍ദ്ധിപ്പിച്ച് വീണ്ടും സാക്ഷിമൊഴികള്‍. അപകട സമയത്ത് വാഹനം ഓടിച്ചത് ആരാണെന്നതിനെക്കുറിച്ച് അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനിടെ ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ഇരുന്ന് ഉറങ്ങുന്നത് കണ്ടെന്ന സാക്ഷിമൊഴിയാണ് സംഭവത്തില്‍ വീണ്ടും ദുരൂഹത വര്‍ദ്ധിപ്പിച്ചത്. ചവറ സ്വദേശിയായ ഒരാളാണ് പൊലീസിന് ഇത്തരത്തില്‍ മൊഴി നല്‍കിയത്. അപകടം നടന്ന സ്ഥലത്ത് നിന്നും ആംബുലന്‍സിലേക്ക് മാറ്റുമ്പോള്‍ ബാലഭാസ്‌കര്‍ സംസാരിച്ചിരുന്നതായി മറ്റൊരാളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. അപകട സമയത്ത് വാഹനം ഓടിച്ചതിനെ സംബന്ധിച്ച് ലക്ഷ്മിയും അര്‍ജുനും വ്യത്യസ്ത മൊഴികളാണ് പൊലീസിന് നല്‍കിയത്. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അര്‍ജുന്‍ പറയുമ്പോള്‍ ഇതിന് വിരുദ്ധമായ മൊഴിയാണ് ലക്ഷ്മി നല്‍കിയത്. അര്‍ജുന്റെ മൊഴി സത്യമാണെന്ന് തെളിയിക്കുന്ന രീതിയിലാണ് ചില സാക്ഷികളും മൊഴി നല്‍കിയത്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴി കൊല്ലത്ത് ഇറങ്ങി ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അര്‍ജുന്റെ മൊഴി. ബാലഭാസ്‌കറും അര്‍ജുനും കൊല്ലത്ത് ഇറങ്ങി ജ്യൂസ് കുടിച്ചുവെന്ന് ലക്ഷ്മിയും സമ്മതിക്കുന്നുണ്ട്. എന്നാല്‍ വീണ്ടും വാഹനം ഓടിച്ചതും അര്‍ജുനാണെന്നാണ് ലക്ഷമിയുടെ മൊഴി.എന്നാല്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്ന ബാലഭാസ്‌കറിന് ഡ്രൈവര്‍ ജ്യൂസ് വാങ്ങി നല്‍കുന്നത് കണ്ടുവെന്നാണ് ചവറ സ്വദേശി പൊലീസിന് മൊഴി നല്‍കിയത്. ദുരൂഹതയുണര്‍ത്തുന്ന ഈ മൊഴിയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. അതേസമയം, ബാലഭാസ്‌കറിനെ അപകടമുണ്ടായ വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റില്‍ നിന്നാണ് പുറത്തെടുത്തതെന്ന മറ്റൊരു സാക്ഷിമൊഴിയും പുറത്തായി. മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍