ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ബഹളം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമം. സ്പീക്കര്‍ നിയമസഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്നാണ് സഭ നിര്‍ത്തിവച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ചോദ്യത്തോരവേള സസ്‌പെന്‍ഡ് ചെയ്തു വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രളയവുമായി ബന്ധപ്പെട്ട അംഗങ്ങളുടെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാന്‍ എണീറ്റതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. ഇതിനിടെ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ആകെ 16 ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ അപേക്ഷയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഒന്നിച്ചാണ് മറുപടി പറഞ്ഞത്. ഇതിന് 40 മിനിറ്റ് സമയം ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ 40 മിനിറ്റ് സമയമെടുത്തെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ട് ചോദ്യങ്ങള്‍ക്ക് ഒന്നിച്ച് മറുപടി നല്‍കിയതിനാലാണ് ഇത്രയും സമയമെടുത്തതെന്ന സ്പീക്കറുടെ മറുപടി അംഗീകരിക്കാതെ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഇതിനിടെയാണ് സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ കയറുവാന്‍ ശ്രമിച്ചത്. മറ്റംഗങ്ങള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. ഇതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍