വിവരങ്ങള്‍ നല്‍കാന്‍ നിലയ്ക്കലില്‍ വീഡിയോവാളുകള്‍

ശബരിമല: പുണ്യദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് അറിവിനൊപ്പം വിവരങ്ങളും വിനോദങ്ങളും പകര്‍ന്ന് നല്‍കാനായി നിലയ്ക്കല്‍ ഭാഗത്ത് വീഡിയോ വാളുകള്‍സ്ഥാപിച്ചു. 300 ചതുരശ്ര അടി വീതം വിസ്തീര്‍ണം വരുന്ന രണ്ട് വീഡിയോ സ്‌ക്രീനുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തീര്‍ഥാടനകാലത്ത് പമ്പയില്‍ രാമമൂര്‍ത്തി മണ്ഡപത്തിന് സമീപം സ്ഥാപിച്ചിരുന്ന വീഡിയോവാളുകള്‍ക്ക് സമാനമായ രീതിയിലാണ് ഇത്തവണ നിലയ്ക്കലില്‍ ഇത് ഒരുക്കിയിരിക്കുന്നത്.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം, വസ്ത്രങ്ങള്‍ നിക്ഷേപിച്ച് പമ്പ മലിനമാക്കരുത്, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക തുടങ്ങിയ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍, സന്ദര്‍ശകര്‍ക്ക് സഹായകരമായ ടോള്‍ ഫ്രീ നമ്പറുകള്‍, പമ്പയിലും സന്നിധാനത്തും ലഭ്യമായ സേവനങ്ങളുടെ വിവരങ്ങള്‍, കാനനപാതയില്‍ പമ്പമുതല്‍ സന്നിധാനംവരെയുള്ള വൈദ്യസഹായത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ദേവസ്വംബോര്‍ഡിന്റെ അറിയിപ്പുകള്‍, ബോര്‍ഡ് തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ വിവരങ്ങള്‍, ശബരിമലയുടെ ചരിത്രവും ആചാരങ്ങളും തീര്‍ഥാടകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ലഘുവിവരണങ്ങള്‍ എന്നിവ ഈ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. സന്നിധാനത്തെ ദൃശ്യങ്ങള്‍ തല്‍സമയം ഈ സ്‌ക്രീനുകളില്‍ക്കൂടി പ്രദര്‍ശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി പിഡബ്ല്യുഡി ഇലക്ട്രോണിക് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മാത്യൂജോണ്‍ പറഞ്ഞു. ഇതരസംസ്ഥാന തീര്‍ഥാടകര്‍ക്കുകൂടി സൗകര്യപ്രദമായ രീതിയില്‍ വിവിധഭാഷകളില്‍ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍