ഓസ്‌കറിലേക്കു കൊട്ടിക്കയറി പൂക്കുട്ടിയുടെ ദ സൗണ്ട് സ്റ്റോറി

ശബ്ദമാന്ത്രികനും ഓസ്‌കര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി നായകനായി ഒപ്പിയെടുത്ത തൃശൂര്‍ പൂരത്തിന്റെ താളമേളാദികള്‍ നിറഞ്ഞ സിനിമ ദ സൗണ്ട് സ്റ്റോറി ഓസ്‌കറിലേക്കു കൊട്ടിക്കയറുന്നു. ഓസ്‌കര്‍ അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍ക്കുവേണ്ടി ഡിസംബര്‍ ഏഴു മുതല്‍ 13 വരെ അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നോര്‍ത്ത് ഹോളിവുഡിലുള്ള റീജന്‍സി വാലി പ്ലാസയിലാണ് ദ സൗണ്ട് സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത്. ജൂറി അംഗങ്ങള്‍ക്കു പുറമേ താത്പര്യമുള്ള പ്രേക്ഷകര്‍ക്കും സിനിമ കാണാം. ഉച്ചയ്ക്ക് ഒരു മണി, മൂന്നര, വൈകുന്നേരം ആറുമണി എന്നീ സമയങ്ങളിലാണു പ്രദര്‍ശനം. ജൂറി അംഗങ്ങള്‍ സിനിമ കണ്ടതിനുശേഷം ഓസ്‌കര്‍ അവാര്‍ഡിനു പരിഗണിക്കാനുള്ള 350 സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. അക്കാദമി അവാര്‍ഡിനു പരിഗണിക്കാനുള്ള സിനിമകളുടെ പട്ടിക ഡിസംബര്‍ 16നു പ്രസിദ്ധീകരിക്കും. തൃശൂര്‍ പൂരത്തിന്റെ ശബ്ദ, മേള, വര്‍ണ വിസ്മയങ്ങള്‍ പകര്‍ത്തിയെടുത്ത സിനിമയാണിത്. അന്ധര്‍ക്കു ശബ്ദവിസ്മയങ്ങളിലൂടെ തൃശൂര്‍ പൂരം അനുഭവവേദ്യമാക്കണമെന്ന റസൂല്‍ പൂക്കുട്ടിയുടെ സ്വപ്‌നമാണ് ഈ സിനിമയിലൂടെ സാക്ഷാത്കരിച്ചത്. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത സിനിമ പാംസ്റ്റോണ്‍ മള്‍ട്ടിമീഡിയയ്ക്കുവേണ്ടി രാജീവ് പനയ്ക്കലാണു നിര്‍മിച്ചത്. തൃശൂര്‍ പൂരത്തിന്റെ തിരക്കിനിടയില്‍ നഗരത്തിന്റെ പലയിടത്തായി സ്ഥാപിച്ച ത്രീഡി കാമറകള്‍ ഉള്‍പ്പെടെ 42 എച്ച്ഡി കാമറകളും 128 ട്രാക്ക് മൈക്രോഫോണുകളും ഉപയോഗിച്ചു ദൃശ്യങ്ങളും ശബ്ദവിസ്മയങ്ങളുമെല്ലാം നാലു ദിവസം തുടര്‍ച്ചയായാണ് ഒപ്പിയെടുത്തത്.പിന്നീടു സിനിമയ്ക്കു വേണ്ട ചേരുവകള്‍ ചിത്രീകരിച്ചു. ഇത്രയേറെ കാമറകളില്‍ ചിത്രീകരിച്ച ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് സംയോജിപ്പിച്ചെടുക്കാന്‍ ഒരു വര്‍ഷത്തിലേറെ സമയം വേണ്ടിവന്നു. പൂരത്തിന്റെ ശബ്ദതരംഗങ്ങള്‍ പകര്‍ത്തുമ്പോള്‍ റസൂല്‍ പൂക്കുട്ടി സിനിമയില്‍ അഭിനയിക്കുകയാണെന്ന് അറിയാതെ വളരെ തന്മയത്വത്തോടെയാണ് പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്തത്. ചെന്നൈ ചലച്ചിത്രോത്സവത്തിലേക്കും ദ സൗണ്ട് സ്റ്റോറി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരേസമയം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ അഞ്ചു ഭാഷകളില്‍ സജ്ജമാക്കിയ സിനിമ വൈകാതെ തന്നെ ഇന്ത്യയില്‍ റിലീസാകും. സോണിയാണ് സിനിമയുടെ ഓഡിയോ വിതരണാവകാശം എടുത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍