ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേകാന്‍ രണ്ടുയുദ്ധക്കപ്പലുകള്‍ കൂടി

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് കരുത്തേകാന്‍ നാവികസേനയ്ക്ക് രണ്ടു യുദ്ധക്കപ്പലുകള്‍ കൂടി വരുന്നു. റഡാറിന്റെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാന്‍ കഴിയുന്ന രണ്ട് ഗ്രിഗറോവിച്ച് യുദ്ധക്കപ്പലുകള്‍ ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിക്കും. ഇതു സംബന്ധിച്ച 50 കോടി ഡോളറിന്റെ കരാറില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവച്ചു.ഗോവ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന് കപ്പല്‍ നിര്‍മ്മാണം സംബന്ധിച്ച സാങ്കേതിക വിദ്യ റഷ്യന്‍ ആയുധ കമ്പനിയായ റോസ്‌ബോറോണ്‍ എക്‌സ്‌പോര്‍ട്ട് കൈമാറും. ഇരുകമ്പനികളും ചേര്‍ന്നാണ് കപ്പലുകള്‍ നിര്‍മിക്കുക.2020ല്‍ നിര്‍മ്മാണം ആരംഭിച്ച് 2027ഓടെ കപ്പലുകള്‍ നാവിക സേനയ്ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. അത്യാധുനിക മിസൈലുകളും ആയുധങ്ങളും വഹിക്കാനുള്ള ശേഷി ക്കപ്പലുകള്‍ക്കുണ്ട്. ഗ്യാസ് ടര്‍ബൈന്‍ എന്‍ജിനുകളാണ് യുദ്ധക്കപ്പലിന് കരുത്ത് നല്‍കുന്നത്.
നിലവില്‍ റഡാറുകളില്‍ കണ്ണില്‍പ്പെടാതിരിക്കാന്‍ ശേഷിയുള്ള ആറ് റഷ്യന്‍ നിര്‍മ്മിത യുദ്ധക്കപ്പലുകള്‍ ഇന്ത്യയ്ക്കുണ്ട്. നാലെണ്ണം കൂടി നാവികസേനയുടെ ഭാഗമാകുന്നതോടെ സേനയുടെ കരുത്ത് കൂടും. പ്രോജക്ട് 1135.6 എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഈ കപ്പലുകള്‍ നിര്‍മ്മിക്കുമ്പോള്‍ തുക ഇനിയും ഉയരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.കഴിഞ്ഞ ആഴ്ച ഇതേ വിഭാഗത്തില്‍പെട്ട രണ്ട് യുദ്ധക്കപ്പലുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 100 കോടി ഡോളറിന്റേതായിരുന്നു ആ കരാര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍