ജിഡിപി കണക്ക് തകര്‍ച്ച മറയ്ക്കാനെന്നു കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തു സമ്പദ്ഘടനയിലുണ്ടായ തകര്‍ച്ച മറച്ചുവയ്ക്കാന്‍ പ്രധാനമന്ത്രിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ചേര്‍ന്ന് നടത്തുന്ന വഞ്ചനാപരമായ ചെപ്പടിവിദ്യയാണ് നീതി ആയോഗിന്റെ പുതിയ ജിഡിപി തമാശയെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. വില കുറഞ്ഞ തമാശയേക്കാള്‍ ശോചനീയമാണു പുതിയ കണക്കുകളെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു. സാന്പത്തിക വളര്‍ച്ചാ നിരക്കിലെ ഇടിവിനെതിരേ നിശിത വിമര്‍ശനം ഉണ്ടായതിനെ മറയ്ക്കാനാണ് ശ്രമം. നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കിയതിലെ പാളിച്ചകളും പോലുള്ള ബുദ്ധിഹീന തീരുമാനങ്ങള്‍ സന്പദ്ഘടനയുടെ നട്ടെല്ലൊടിച്ചെന്നും മുന്‍ ധനമന്ത്രി ആരോപിച്ചു. ജിഡിപി എന്നാല്‍ മോദി സര്‍ക്കാരിന് ഗിമ്മിക്രി ഡേറ്റാ പ്രോഡക്ട് (പൊടിക്കൈ ഡേറ്റാ ഉത്പന്നം) മാത്രമായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പരിഹസിച്ചു. ശസ്ത്രക്രിയ വിജയം, പക്ഷേ രോഗി മരിച്ചു എന്നതാണ് നീതി ആയോഗിന്റെ കണക്കിലെ കളി. ചെപ്പടിവിദ്യകളിലൂടെ സാന്പത്തിക പിടിപ്പുകേടുകള്‍ മറച്ചുവയ്ക്കാനാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരും അവരുടെ കളിപ്പാവയായ നീതി ആയോഗും ചേര്‍ന്നു രണ്ടും രണ്ടും കൂട്ടിയാല്‍ എട്ട് എന്നു ജനങ്ങളെ വിശ്വസിപ്പിക്കാനാണു പാഴ്ശ്രമം നടത്തുന്നത്. ഇത്തരം ചെപ്പടിവിദ്യകളും വഞ്ചനയും ജനം തിരിച്ചറിയുംഅദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍