മാത്യു ടി തോമസ് രാജിവെച്ചു

  • മന്ത്രിയെന്ന നിലയില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞെങ്കിലും പൂര്‍ണ സംതൃപ്തനല്ലാതെയാണ് രാജിവെക്കുന്നതെന്ന് മാത്യു ടി തോമസ്
  • കൃഷ്ണന്‍ കുട്ടിയുടെ സത്യപ്രതിജ്ഞ നാളെയെന്ന് സൂചന

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് മന്ത്രിസ്ഥാനം രാജിവച്ചു. ഇന്നു രാവിലെ ക്ലിഫ് ഹൗസിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറിയത്. ജനതാദള്‍ എസിലെ ധാരണ പ്രകാരം കെ.കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയാകാന്‍ വേണ്ടിയാണ് മാത്യു.ടി.തോമസ് രാജിവച്ചത്. അതേസമയം, മന്ത്രിയെന്ന നിലയില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയെങ്കിലും പൂര്‍ണ തൃപ്തനല്ലാതെയാണ് താന്‍ രാജിവയ്ക്കുന്നതെന്ന് ക്ലിഫ് ഹൗസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം അദ്ദേഹം പ്രതികരിച്ചു. കുറച്ച് കൂടി കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നു. കേരളത്തിലെ ഒരു വലിയ പ്രളയവും വരള്‍ച്ചയും തന്റെ കാലയളവില്‍ നേരിടാനായത് നല്ലകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും താന്‍ പാര്‍ട്ടിയോ മുന്നണിയോ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യലിസ്റ്റുകളുടെ സ്ഥാനം ഇടത് മുന്നണിയിലാണ്. പ്രതിസന്ധി കാലത്ത് പോലും ഇടത് മുന്നണിയില്‍ പിടിച്ചുനിന്നയാളാണ് താന്‍. ഒരിക്കലും വലത്തേക്ക് ചരിയില്ല. മന്ത്രിസ്ഥാനം രാജിവച്ചതിന് ശേഷം എം.എല്‍.എ എന്ന നിലയില്‍ പ്രവര്‍ത്തനം തുടരും. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ചാണ് താന്‍ മന്ത്രിയായത്. പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ച് രാജിവയ്ക്കുന്നു. ഇക്കാര്യത്തെച്ചൊല്ലി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ല. സര്‍ക്കാരിന്റെ ഭാഗമായ എല്ലാ മന്ത്രിമാരും മിടുക്കന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് അഞ്ചിന് തന്നെ ആകാനാണ് സാധ്യതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുടെ സൗകര്യം കൂടി പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍