ഇന്ത്യയെ രൂപപ്പെടുത്തിയത് ബഹുസ്വരത: ജയമോഹന്‍

കാഞ്ഞങ്ങാട്: വിവിധ ആശയങ്ങളുടെ പങ്കുവയ്ക്കലുകള്‍ വഴിയാണ് ഇന്ത്യന്‍ സംസ്‌കാരം രൂപപ്പെട്ടതെന്നും ഏതെങ്കിലും ഒരാശയം മാത്രം മതിയെന്ന ചിന്ത അപകടകരമാണെന്നും തമിഴ് സാഹിത്യകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍. പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ സംഘടിപ്പിച്ച സാംസ്‌കാരികസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നൂറില്‍പ്പരം ഗോത്രങ്ങള്‍ ചേര്‍ന്നതാണ് ഓരോ ആഫ്രിക്കന്‍ രാഷ്ട്രവും. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇപ്പോഴും കലാപഭൂമിയായി തുടരാന്‍ കാരണം ഈ സംസ്‌കാരം തമ്മില്‍ സമന്വയമില്ലാത്തതുകൊണ്ടാണ്. ഇന്ത്യയില്‍ അങ്ങനെയൊരു അവസ്ഥ ഉണ്ടാവാതിരിക്കാന്‍ കാരണം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുന്‌പേ സമന്വയത്തിന്റെയും അഹിംസയുടെയും പാത സ്വീകരിച്ചതുകൊണ്ടാണ്. ആദിശങ്കരനും സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവുമെല്ലാം ഈ വഴിയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷതവഹിച്ചു. എ.വി.അനില്‍കുമാര്‍, നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, പി.പി.മാധവപണിക്കര്‍, ഇ.പി.രാജഗോപാലന്‍, എ.എം.ശ്രീധരന്‍, ദിവാകരന്‍ വിഷ്ണുമംഗലം, പി.വി.കെ.പനയാല്‍, പി.അപ്പുക്കുട്ടന്‍, രവീന്ദ്രന്‍ കൊടക്കാട്, വാസു ചോറോട്, ഉസ്താദ് ഹസന്‍ഭായി, വി.വി.പ്രഭാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍