പട്ടയവിതരണവും പോക്കുവരവും: കാലതാമസം ഒഴിവാക്കാനും നടപടികള്‍ സുതാര്യമാക്കാനും നിര്‍ദേശം

തിരുവനന്തപുരം: പട്ടയവിതരണവും പോക്കുവരവുമായി ബന്ധപ്പെട്ട കാലതാമസം പരിഹരിക്കുന്നതിനും നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റവന്യു വകുപ്പ് നിര്‍ദേശം നല്‍കി. ഹര്‍ജികള്‍ സംബന്ധിച്ച നിയമസഭാ സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണു നിര്‍ദേശം. പട്ടയത്തിനായി ലഭിക്കുന്ന അപേക്ഷകള്‍ നിലവിലുള്ള നിയമപ്രകാരം അര്‍ഹത പരിശോധിച്ച് സമയബന്ധിതമായി കൃത്യതയോടും സുതാര്യതയോടും നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പട്ടയവിതരണവുമായി ബന്ധപ്പെട്ട വീഴ്ചകളും കൃത്യവിലോപങ്ങളും കണ്ടെത്തി പരിഹരിക്കണം. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം അനുവദിക്കുക എന്ന സര്‍ക്കാര്‍ നയത്തിനു മുന്‍ഗണന നല്‍കി പട്ടയ വിതരണ നടപടികള്‍ സ്വീകരിക്കണം. യഥാസമയങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ പട്ടയ വിതരണ നടപടികള്‍ അവലോകനം ചെയ്യണം. കൂടാതെ പോക്കുവരവ് നടപടികള്‍ കുറ്റമറ്റ രീതിയിലും ത്വരിതഗതിയിലും നടപ്പാക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുകയും അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്യണം. ഈ നിര്‍ദേശങ്ങള്‍ വ്യതിചലിക്കുന്നത് അച്ചടക്ക രാഹിത്യമായി കണക്കാക്കുമെന്നും നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍