ആയുര്‍വേദം പുതിയ തൊഴില്‍ രംഗമായി മാറണം: ഇ.പി. ജയരാജന്‍

കൊച്ചി: ഇന്ത്യയുടെ സ്വന്തം ചികിത്സാരീതിയായ ആയുര്‍വേദത്തെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്ന വിധം പുതിയ തൊഴില്‍ മേഖലയായി വളര്‍ത്താന്‍ പദ്ധതികള്‍ വേണമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. സി.ഐ.ഐ കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ആഗോള ആയുര്‍വേദ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുര്‍വേദത്തെ ആഗോള ബ്രാന്‍ഡാക്കി മാറ്റാനും പുതിയ ഉത്പന്നങ്ങളുടെ വികസനത്തിനും സര്‍ക്കാര്‍ പിന്തുണ നല്‍കും. നീണ്ടകാല ചരിത്രമുള്ള വൈദ്യശാസ്ത്ര മേഖലയാണ് ആയുര്‍വേദം. പുതിയ ഉത്പന്ന സേവന വികസനം നടക്കുമ്പോള്‍ ഈ ചരിത്രം കൂടി പഠിക്കുന്നത് ഗുണം ചെയ്യും. ആയുര്‍വേദം നിലനില്‍ക്കണമെങ്കില്‍ ഔഷധസസ്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇതിനായി, ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച് ഔഷധസസ്യ ഉദ്യാനപദ്ധതി വേണം. ആയുര്‍വേദ ടൂറിസം, പഠനഗവേഷണ കേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവയായി ഇത് മാറ്റാം. 1,500 ഔഷധനിര്‍മ്മാണ ശാലകളാണ് കേരളത്തിലുള്ളത്. 1,200 കോടി രൂപയുടേതാണ് കേരളത്തിലെ ആയുര്‍വേദ ഉത്പന്ന വിപണി. മൊത്തം ടൂറിസം വരുമാനത്തില്‍ 40 ശതമാനം പങ്കുവഹിക്കുന്നതും ആയുര്‍വേദമാണ്. അന്താരാഷ്ട്ര തലത്തില്‍ കേരളീയ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ആയുര്‍വേദത്തെ ആഗോള വിപണിയിലെത്തിക്കാന്‍ ആയുര്‍വേദ ഉച്ചകോടി പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. ആയുര്‍വേദ രംഗത്തെ പുത്തന്‍ സംരംഭകര്‍ക്ക് ഇന്‍കുബേഷന്‍ സെന്ററുകള്‍ ഒരുക്കാനായി ഈ രംഗത്തെ പ്രഗത്ഭര്‍ ഒന്നിക്കണം. ആയുര്‍വേദത്തെ അലോപ്പതി ഉള്‍പ്പെടെയുള്ള മറ്റ് ചികിത്സാരീതികളുമായി ബന്ധിപ്പിച്ച് മുന്നോട്ടുപോകാനുള്ള ആശയം ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ സി.ഐ.ഐയുടെ പി.ഡബ്ല്യു.സി റിപ്പോര്‍ട്ട് മന്ത്രി പ്രകാശനം ചെയ്തു. സി.ഐ.ഐ കേരള ചെയര്‍മാന്‍ ഡോ. എസ്. സജികുമാര്‍, എഫ്.സി.ബി കൊഗീറ്റോ കണ്‍സള്‍ട്ടിംഗ് പ്രസിഡന്റ് വിദ്യാധര്‍ വാബ്‌ഗോന്‍കര്‍, സി.ഐ.ഐ കേരള മേധാവി ജോണ്‍ കുരുവിള, ഇസാഫ് സ്ഥാപകനും സി.ഐ.ഐ വൈസ് ചെയര്‍മാനുമായ കെ. പോള്‍ തോമസ്, സി.ഐ.ഐ ആയുര്‍വേദ പാനല്‍ കണ്‍വീനര്‍ അജയ് ജോര്‍ജ് വര്‍ഗീസ്, ഹെല്‍ത്ത് കെയര്‍ പി.ഡബ്ല്യു.സി ഇന്ത്യ മേധാവി ഡോ. വിജയ് രാഘവന്‍ എന്നിവര്‍ സംസാരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍