പ്രകൃതിദത്തമായ ജലാശയങ്ങളെ ഉപയോഗിക്കാന്‍ കഴിയണം: മന്ത്രി

കരുനാഗപ്പള്ളി: പ്രകൃതിദത്തമായ ജലാശയങ്ങളെ ജനങ്ങളുടെ പുരോഗതിക്ക് ഉപയോഗിക്കുന്നതിന് കഴിയണമെന്ന് മന്ത്രി മേഴ്‌സി കുട്ടിഅമ്മപറഞ്ഞു. ആയിരംതെങ്ങു ഫിഷ് ഫാമില്‍ ഫിഷറീസ് വകുപ്പിന്റെ മുറ്റത്തൊരു മീന്‍തോട്ടം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.നമ്മുടെ സവിശേഷമായ ഉള്‍നാടന്‍ ജലാശയങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനമുള്ള രീതിയില്‍ ലാഭകരമായി ഉപയോഗിക്കാന്‍ കഴിയണം. ലാഭകരമായി കൃഷിയിലൂടെ മത്സ്യലഭ്യത വര്‍ധിപ്പിച്ച് തൊഴില്‍ മാര്‍ഗം വികസിപ്പിക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മത്സ്യം ഇല്ലാതെ ഭക്ഷ്യം ഇല്ല എന്ന് ശീലമുള്ള മലയാളിക്ക് ശരാശരി ഇരുപത്തിനാല് കിലോഗ്രാം മത്സ്യത്തിന്റെ ഉപഭോഗമാണ് ഉള്ളത്. ഇന്ത്യയില്‍ ശരാശരി ഇത് മൂന്ന് മുതല്‍ മൂന്നര കിലോഗ്രാം വരെ മാത്രമാണ്. മാലിന്യമില്ലാത്ത ജലത്തിലാണ് മത്സ്യോല്‍പാദനം കൂടുതലുണ്ടാവുക. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഉള്‍നാടന്‍ മത്സ്യകൃഷി മൂന്നുമുതല്‍ നാലിരട്ടി വരെ വര്‍ധിപ്പിക്കാന്‍ കഴിയണം. ഇതു കൂടി മുന്നില്‍ കണ്ടാണ് മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ഗുണനിലവാരമുള്ള വിത്തും മറ്റ് സഹായങ്ങളും ഫിഷറീസ് വകുപ്പ് ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ പ്രളയ ദുരന്തം ബാധിച്ച കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടിയാണ് ആയിരംതെങ്ങില്‍ തുടങ്ങുന്നത് പ്രധാനമായും സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ടല്‍കാടുകളെ തീരസംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഉപയോഗിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായി. ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍ സഹദേവന്‍ ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സെലീന, വൈസ് പ്രസിഡന്റ് എം ബി സഞ്ജീവ്, ഗ്രാമപഞ്ചായത്ത് അംഗം പി. സലിന, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാരായ എച്ച് സലീം, എം സിയാര്‍ അസാക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയന്‍, കെ എ ഫ്രാന്‍സിസ്, ആയിരംതെങ്ങ് അഡാക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രിയ ജയസേനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാനത്ത് ആയിരം ചെറുകിട മത്സ്യ യൂണിറ്റുകള്‍ സ്ഥാപിച്ച് ഇതിന്റെ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ മത്സ്യം, സാങ്കേതിക പരിശീലനം എന്നിവ നല്‍കുന്നതിനാണ് മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ 1500 ടണ്‍ മത്സ്യം കൂടി അധികം ഉല്‍പ്പാദിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രിയ ജയസേനന്‍ പറഞ്ഞു. കേരള ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍