അതിക്രമങ്ങള്‍ക്കെതിരേ സ്ത്രീകളെ ബോധവത്കരിക്കും: വനിതാ കമ്മീഷന്‍

മലപ്പുറം: അതിക്രമങ്ങള്‍ തടയുന്നതിനു സ്ത്രീകള്‍ക്കു ബോധവത്കരണം നല്‍കുമെന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി ജോസഫൈന്‍. മലപ്പുറം കളക്ടറേറ്റില്‍ കമ്മീഷന്‍ സിറ്റിംഗില്‍ പരാതികള്‍ കേട്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍. അതിക്രമമുണ്ടാകുമ്പോള്‍ ധൈര്യത്തോടെ നേരിടാന്‍ സ്ത്രീകള്‍ക്കു ബോധവത്കരണം നല്‍കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചു വരുന്നുണ്ട്. അതിക്രമം ഉണ്ടാകുന്ന സമയത്ത് പ്രതികരിക്കാന്‍ സ്ത്രീകള്‍ മുന്നോട്ടു വരണമെന്നും അവര്‍ പറഞ്ഞു. പ്രായമായ രക്ഷിതാക്കളെ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള പരാതികളും വര്‍ധിച്ചു വരുന്നുണ്ട്. മാതാപിതാക്കളുടെ സ്വത്തു തട്ടിയെടുത്തു വീട്ടില്‍ നിന്നു ഇറക്കിവിടുന്ന തരത്തിലുള്ള പരാതികള്‍ കൂടുതലായി വരുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ മക്കളുടെ സ്വത്ത് കണ്ടു കെട്ടുന്നതടക്കമുള്ള നടപടികളെടുക്കുന്നതിനു നിയമപരമായ ഇടപെടലുകള്‍ നടത്തുമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. നൂറു പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. 27 എണ്ണം തീര്‍പ്പാക്കി. 12 എണ്ണം പോലീസ് അന്വേഷണ നടപടികള്‍ക്കായി നല്‍കി. ഇരു കക്ഷികളും ഹാജരാകാതിരുന്നതിനെ തുടര്‍ന്നു 29 പരാതികളും മാറ്റിവച്ചു. വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ, സബ് ഇന്‍സ്‌പെക്ടര്‍ എല്‍. രമ, അഭിഭാഷകരായ കെ. ബീന, ഷാന്‍സി നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍