വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം

കൊച്ചി: ശബരിമല ദര്‍ശനം സാദ്ധ്യമാകുന്നത് വരെ മാലയൂരില്ലെന്ന് വ്യക്തമാക്കി കൊച്ചിയില്‍ വാര്‍ത്ത സമ്മേളനം നടത്തിയ മൂന്ന് യുവതികള്‍ക്കൊപ്പമുണ്ടായ മറ്റൊരു യുവതിയുടെ വീടിന് നേരെ ആക്രമണം. എറണാകുളം സ്വദേശി അപര്‍ണ ശിവകാമിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷനില സതീഷ്, കൊല്ലം സ്വദേശി വി.എസ്. ധന്യ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു.മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസികളുടെ വണ്ടികളൊക്കെ സുരക്ഷിതമാണ്. 3 വലിയ കരിങ്കല്‍ക്കഷ്ണങ്ങള്‍ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല.ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയില്‍ നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ആക്കി പോകുന്ന ശബ്ദം കേട്ടിരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അപര്‍ണ ശിവകാമി വ്യക്തമാക്കി. നിലവിലെ കലുഷിത സാഹചര്യത്തില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നില്ല. പൂര്‍ണസുരക്ഷയോടെ അയ്യപ്പദര്‍ശനം സാദ്ധ്യമാകുംവരെ മാല ഊരില്ലെന്ന് യുവതികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വാര്‍ത്താസമ്മേളനത്തെ തുടര്‍ന്ന് യുവതികള്‍ക്ക് കൊച്ചിയില്‍ നാമ ജപക്കാര്‍ ഉപരോധിച്ചിരുന്നു. ഒടുവില്‍ പൊലീസ് സംരക്ഷണയിലാണ് ഇവരെ പ്രസ് ക്ലബിന് പുറത്തെത്തിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍