ഒരിക്കലും അത് സംഭവിക്കാന്‍ പാടില്ലായിരുന്നു, നോട്ട് നിരോധനത്തെ വിമര്‍ശിച്ച് അരവിന്ദ് സുബ്രഹ്മണ്യന്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനം ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന് പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട് നിരോധനത്തിന് മുമ്പുണ്ടായിരുന്ന എട്ട് ശതമാനത്തില്‍ നിന്ന് 6.8 ശതമാനത്തിലേക്ക് സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിഞ്ഞു. ഉയര്‍ന്ന പലിശനിരക്ക്, ജിഎസ്ടി, ഇന്ധന വിലക്കയറ്റം തുടങ്ങി ഇക്കാലയളവിലുണ്ടായ മറ്റ് സംഭവങ്ങളും ഇതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന 'ദ ചലഞ്ചസ് ഓഫ് ദ മോദിജെയ്റ്റ്‌ലി ഇക്കോണമി' എന്ന പുസ്തകത്തിലാണ് നോട്ട് നിരോധനം സംബന്ധിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നോട്ട് നിരോധനം പ്രാഥമികമായി ബാധിച്ചത് അസംഘടിത മേഖലയെയാണ്. എന്നാല്‍, ഈ മേഖലയിലുണ്ടാകുന്ന ഏതൊരു ചലനവും സംഘടിത മേഖലയെയും ബാധിക്കും എന്നതിനാല്‍ നോട്ട് നിരോധനത്തിന്റെ സാമ്പത്തിക ആഘാതം വലുതാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സാമ്പത്തിക പരീക്ഷണമായിരുന്നു നോട്ട് നിരോധനമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു. ഉപയോഗത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് പെട്ടെന്ന് പിന്‍വലിക്കപ്പെട്ടതെന്നും മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചയെ ഇത് ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷം ഉപദേശക സ്ഥാനത്തു തുടര്‍ന്ന അരവിന്ദ് സുബ്രഹ്മണ്യം ഈ വര്‍ഷം ആദ്യമാണ് ചുമതല ഒഴിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍