നിയമസഭയില്‍ ഇന്നും ബഹളം;നടപടികള്‍ തടസ്സപ്പെട്ടു

തിരുവനന്തപുരം: ശബരിമല വിഷയം മുന്‍നിര്‍ത്തി പ്രതിപക്ഷം നിയമസഭ ഇന്നും സ്തംഭിപ്പിച്ചു. ഇന്ന് 20 മിനിറ്റ് മാത്രമാണ് സഭ ചേര്‍ന്നത്. പ്രതിപക്ഷ ബഹളം കടുത്തതോടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യമുന്നയിച്ച് രംഗത്തുവരികയായിരുന്നു. ചോദ്യോത്തരവേള റദ്ദാക്കി ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതാണ് നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാരും സ്പീക്കറും തയാറായില്ല. വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ ബുധനാഴ്ച തന്നെ സഭയില്‍ ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതാണെന്നും ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. ഇതോടെ സഭ മുന്നോട്ടുകൊണ്ടുപാകാന്‍ സാധ്യമാകാതെ വരുകയായിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍