മുഖ്യമന്ത്രിമാര്‍ക്ക് സുരക്ഷ നല്‍കാനാകുന്നില്ലെങ്കില്‍ പ്രധാനമന്ത്രി രാജി വയ്ക്കണം: കേജരിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മുഖ്യമന്ത്രിമാര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാനാകുന്നില്ലെങ്കില്‍ പ്രധാനമന്ത്രി രാജി വയ്ക്കുന്നതാണ് നല്ലതെന്ന് കേജരിവാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അജ്ഞാതനായ യുവാവ് സെക്രട്ടറിയേറ്റിനുള്ളില്‍ കടന്ന് കേജരിവാളിന് നേര്‍ക്ക് മുളകുപൊടി വിതറാന്‍ ശ്രമം നടത്തിയിരുന്നു. ഈ സംഭവം ഉയര്‍ത്തിക്കാട്ടിയാണ് കേജരിവാള്‍ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞത്. തനിക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്രത്തിനാകുന്നില്ലെങ്കില്‍ തന്നോട് മോദിക്ക് വിരോധമുണ്ടെന്നാകും ജനം കരുതുകയെന്നും കേജരിവാള്‍ പരിഹാസരൂപേണ പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് കേജരിവാള്‍ ഈ വിമര്‍ശനം ഉന്നയിച്ചത്. കേജരിവാള്‍ എന്ന വ്യക്തിക്കു നേരെയായിരുന്നില്ല ആക്രമണമെന്നും ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിക്കു നേരെയാണ് ആക്രമണമുണ്ടായതെന്നും പറഞ്ഞ അദ്ദേഹം തന്നെ ആരൊക്കെയോ ലക്ഷ്യ വച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് കഴിഞ്ഞ എഴുപതിലേറെ വര്‍ഷം രാജ്യത്തെ കൊള്ളയടിച്ചു. ബിജെപി കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നൂറിലേറത്തവണ കൊള്ളയടിച്ചു കേജരിവാള്‍ പരിഹസിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍