കുട്ടികളുടെ സംരക്ഷണം സാമൂഹിക ഉത്തരവാദിത്തം: മാത്യു ടി. തോമസ്

പത്തനംതിട്ട: കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് മന്ത്രി മാത്യു ടി. തോമസ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ ബാലസംരക്ഷണ സമിതി അംഗങ്ങള്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്നതായ പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതികളുടെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 201920 വര്‍ഷം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട മാതൃകപദ്ധതികള്‍ ശില്‍പശാലയില്‍ ആസൂത്രണം ചെയ്തു. ബാലാവകാശ സംരക്ഷണ കമ്മീഷനംഗം സിസ്റ്റര്‍ ബിജി ജോസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ. അബീന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍. സോമസുന്ദരലാല്‍, ഷാന്‍ രമേശ് ഗോപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ബാലാവകാശ സമിതിയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍