കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇരുചക്രവാഹനങ്ങള്‍ക്കു മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം വരുന്നു

കോട്ടയം: നാലു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതും ആവശ്യമെങ്കില്‍ മാറ്റി സ്ഥാപിക്കാവുന്നതുമായ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഒരുങ്ങുന്നു. 1.65 കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് ആദ്യമായാണു ഒരു റെയില്‍വേ സ്റ്റേഷനില്‍ ഇത്തരമൊരു പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ക്കായാണ് ഈ സൗകര്യം ഒരുക്കുന്നത്. നിലവിലെ പാര്‍ക്കിംഗ് ഏരിയായിലെ സ്ഥലപരിമിതി മൂലമാണ് മള്‍ട്ടിലെവല്‍ പാര്‍ക്കിംഗിലേക്കു മാറാന്‍ തീരുമാനിച്ചത്. സ്റ്റീലില്‍ നട്ടും ബോള്‍ട്ടും ഉപയോഗിച്ചു നിലവിലെ പാര്‍ക്കിംഗ് സ്ഥലത്താണു പുതിയ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നത്. സ്ഥലസൗകര്യം അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും മാറ്റി സ്ഥാപിക്കാവുന്ന വിധത്തിലാവും നിര്‍മാണം. മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഭാവിയില്‍ മറ്റേതെങ്കിലും പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണെങ്കില്‍ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാനാകും.
നിലവില്‍ ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ വാഹനം പാര്‍ക്കു ചെയ്യുമ്പോള്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീണും കിളികളുടെ കാഷ്ടം വീണും വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പുതിയ സൗകര്യം ഒരുങ്ങുന്നതോടെ വാഹനങ്ങള്‍ വളരെ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനാവും. നിലവില്‍ 250 ഓളം ഇരുചക്രവാഹനങ്ങള്‍ ദിനംപ്രതി പാര്‍ക്കു ചെയ്യുന്നുണ്ട്. മള്‍ട്ടിലെവല്‍ സൗകര്യം ഒരുങ്ങുന്നതോടെ കൂടുതല്‍ വാഹനങ്ങള്‍ കുറഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്യുവാനും മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ കൂടുതല്‍ സ്ഥലം ലഭ്യമാവുകയും ചെയ്യും. റെയില്‍വേ നേരിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. റോഡില്‍നിന്നും താഴത്തെ നിലയില്‍നിന്നും വാഹനങ്ങള്‍ക്ക് മുകളിലത്തെ നിലകളിലേക്ക് കയറാവുന്ന രീതിയിലാവും പദ്ധതിയുടെ നിര്‍മാണം. ഉടന്‍തന്നെ നിര്‍മാണം ആരംഭിച്ച് മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മാണത്തിന് ഉടന്‍ തുടക്കമാകുമെന്ന് ജോസ് കെ. മാണി എംപി അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോട്ടയത്ത് തിരുവനന്തപുരം ഡിവിഷണല്‍ എന്‍ജിനിയറുമായി ചര്‍ച്ച നടത്തിയതായും എംപി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍