വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ സ്‌കൂളുകള്‍ മെച്ചപ്പെടുത്തണം : മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ തീരെ കുറവായ സ്‌കൂളുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് അദ്ധ്യാപകരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ പ്രത്യേക ശ്രമം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയും ഇക്കാര്യത്തില്‍ ഉറപ്പാക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകുയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, ഡോ. തോമസ് ഐസക്, കെ.കെ. ശൈലജ, എം.എം. മണി, എ.സി. മൊയ്തീന്‍ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ മിഷന്റെ പ്രവര്‍ത്തന പുരോഗതി വിശദീകരിച്ചു. ഈ വര്‍ഷം 1,86,000 വിദ്യാര്‍ത്ഥികളാണ് കൂടുതലായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നത്. മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണം 36.8 ലക്ഷത്തില്‍ നിന്ന് 37 ലക്ഷമായി ഉയര്‍ന്നു.സംസ്ഥാനത്ത് 8 മുതല്‍ 12 വരെയുളള ക്ലാസുകളില്‍ 43,329 ക്ലാസ് മുറികള്‍ ഇ ഹൈടെക് ആയിക്കഴിഞ്ഞു. കിഫ്ബി വഴി ഇതിന് 226 കോടി രൂപയാണ് ചെലവഴിച്ചത്. 97 ശതമാനം വിദ്യാലയങ്ങളില്‍ അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തന പദ്ധതിയാക്കി മാറ്റിക്കഴിഞ്ഞു. ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളില്‍ മുഴുവന്‍ കുട്ടികള്‍ക്കും ഉയര്‍ന്നശേഷി കൈവരിക്കുന്നതിനുളള പ്രവര്‍ത്തനം നടക്കുന്നു. ഭാഷാശേഷി ഉറപ്പാക്കുന്ന 'മലയാളത്തിളക്കം' പദ്ധതി പ്രൈമറിതലത്തില്‍ പൂര്‍ത്തിയായി. സെക്കന്‍ഡറി തലം ജനുവരിയില്‍ പൂര്‍ത്തിയാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍