എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ഒന്‍പതിന്

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ പോലീസ് സ്‌റ്റേഷന്‍ ഡിസംബര്‍ ഒന്‍പതിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഒരു സിഐയുടെ കീഴില്‍ 35 പോലീസുകാരാണ് വിമാനത്താവളത്തില്‍ ആദ്യഘട്ടത്തില്‍ സുരക്ഷയ്ക്കുണ്ടാവുക. എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ വിവിധ തസ്തികകള്‍ അനുവദിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഒക്‌ടോബര്‍ മുതല്‍ തന്നെ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും കെട്ടിടം ഉള്‍പ്പടെയുള്ളവ തയാറാകാത്തതിനാല്‍ വൈകുകയായിരുന്നു. വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം തന്നെ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ടെര്‍മിനല്‍ കെട്ടിടത്തിനു സമീപത്ത് നേരത്തെ വിമാനത്താവള നിര്‍മാണ കമ്പനിയായ എല്‍ആന്‍ഡ് ടിയുടെ ഓഫീസ് പ്രവര്‍ത്തിച്ച കെട്ടിടമാണ് പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്തിരിക്കുന്നത്. പിന്നീട് പുതിയ കെട്ടിടം നിര്‍മിക്കും. ഇരിട്ടി സബ് ഡിവിഷനു കീഴിലാണ് എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയുടെ വിസ്തൃതിയും അമിത ജോലിഭാരവും കണക്കിലെടുത്താണ് വിമാനത്താവളത്തില്‍ പ്രത്യേക പോലീസ് സ്‌റ്റേഷന്‍ അനുവദിച്ചത്. നിലവില്‍ വിവിധ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന പോലീസുകാരെ വിമാനത്താവളത്തിലേക്ക് നിയമിക്കും. സിഐഎസ്എഫിനാണ് വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല. 50 പേരാണ് നിലവില്‍ വിമാനത്താവളത്തില്‍ ജോലിയിലുള്ളത്. ഡിസംബറില്‍ 200 പേര്‍ കൂടിയെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍