കള്ളപ്പണം എത്രയെത്തിയെന്ന് പറയാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: കള്ളപ്പണം തിരികെ എത്തിക്കുന്നത് സംബന്ധിച്ച വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരങ്ങള്‍ കൈമാറിയാല്‍ കള്ളപ്പണ വിഷയത്തില്‍ നിലവിലുള്ള അന്വേഷണത്തെ ബാധിക്കുമെന്നും സഞ്ജീവ് ചതുര്‍വേദിക്കു നല്‍കിയ വിശദീകരണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കള്ളപ്പണം തിരികെ എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 2014 ജൂണ്‍ ഒന്നിനു ശേഷം എത്രമാത്രം പണം തിരികെയെത്തിയെന്നായിരുന്നു മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുര്‍വേദി ചോദ്യമുന്നയിച്ചിരുന്നത്. എന്നാല്‍, ഇത്തരം വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പിഎംഒ മറുപടി നല്‍കിയിരുന്നത്. ഇതിനെതിരേ നല്‍കിയ അപ്പീല്‍ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്‍, 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഏജന്‍സികളും സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ടവയാണെന്നും അതിനാല്‍ മറുപടി നല്‍കാനാവില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആവര്‍ത്തിച്ചുള്ള വിശദീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍