സന്നിധാനത്തു 4000 ഭക്തര്‍ക്കു വിശ്രമിക്കാന്‍ സൗകര്യം

കൊച്ചി: ശബരിമല സന്നിധാനത്തു 4000 ഭക്തര്‍ക്കു വിശ്രമിക്കാന്‍ സൗകര്യമുണ്ടെന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. അന്നദാന മണ്ഡപം, മാഗുണ്ട നിലയം, മരാമത്ത് കോംപ്ലക്‌സിന് എതിര്‍ വശത്തുള്ള സ്ഥലം എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
ശബരിമലയില്‍ റൂമുകള്‍ പൂട്ടിയിട്ടെന്ന ആരോപണം ശരിയല്ല. ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസം നട തുറന്നപ്പോള്‍ മാത്രമാണു റൂമുകള്‍ നല്‍കാതിരുന്നത്. 
ഭക്തര്‍ക്കു ദര്‍ശനത്തിനു തടസമില്ല. കഴിഞ്ഞ ദിവസം നടപ്പന്തലില്‍ പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പരാജയപ്പെട്ടതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചു. ചിലര്‍ പ്രശ്‌നമുണ്ടാക്കാനും ശബരിമലയുടെ പവിത്രത നശിപ്പിക്കാനും ശ്രമിക്കുന്നതാണു നടപടികള്‍ക്കു കാരണമെന്നും എജി വാദിച്ചു.
കാനനപാതയില്‍ ഇരിക്കാന്‍ പോലും ഭക്തരെ അനുവദിക്കുന്നില്ലെന്നും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇരുമുടിക്കെട്ടു വരെ അഴിച്ചു പരിശോധിക്കുന്നു. 
ശരണം വിളിക്കുന്നതു പോലും നിരോധിച്ചു. ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ നിയന്ത്രണമില്ലാതായി. സര്‍ക്കാരാണ് നിയന്ത്രിക്കുന്നത്. ശബരിമലയെ പോലീസ് ക്യാമ്പാക്കി മാറ്റിയെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍