യുക്രെയിനെ ലക്ഷ്യമിട്ട് റഷ്യ എസ്400 മിസൈലുകള്‍ വിന്യസിക്കും

മോസ്‌കോ: യുക്രെയിനിന്റെ മൂന്നു നാവിക കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് അയവില്ല. യുക്രെയിനെ ലക്ഷ്യമിട്ട് ക്രിമിയയില്‍ അത്യാധുനിക എസ്400 ഉപരിതല മിസൈലുകള്‍ ഉടന്‍ വിന്യസിക്കുമെന്ന് റഷ്യ വ്യക്തമാക്കി. റഷ്യയുടെ മൂന്നു ബറ്റാലിയന്‍ വിമാനവേധ മിസൈല്‍ സിസ്റ്റം ഇപ്പോള്‍ത്തന്നെ അവിടെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ യുക്രെയിനില്‍ സൈനികത്താവളം ആരംഭിക്കാന്‍ കീവ് ഭരണകൂടം വാഷിംഗ്ടണില്‍ സമ്മര്‍ദം ചെലുത്തിവരികയാണെന്നു റഷ്യയിലെ ഇസ്‌വെസ്റ്റിയ പത്രം റിപ്പോര്‍ട്ട് ചെയ്തു.കപ്പലുകളെയും അതിലുണ്ടായിരുന്ന 24 നാവികരെയും യുക്രെയിനു വിട്ടുകൊടുക്കണമെന്നു പാശ്ചാത്യ രാജ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും റഷ്യ വഴങ്ങുന്നില്ല. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ക്രിമിയയെയും റഷ്യാ വന്‍കരയെയും ബന്ധിപ്പിക്കുന്ന കെര്‍ച്ച് ഉള്‍ക്കടലിലെ പാലത്തിനു സമീപം വച്ച് ഞായറാഴ്ച യുക്രെയിനിന്റെ കപ്പലുകള്‍ കസ്റ്റഡിയിലെടുത്തതെന്നാണു റഷ്യയുടെ വാദം. നേരത്തെ യുക്രെയിനിന്റെ ഭാഗമായ ക്രിമിയയെ പുടിന്‍ റഷ്യയോടു കൂട്ടിച്ചേര്‍ത്തശേഷമുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണിപ്പോഴത്തേത്. യുക്രെയിന്‍ പ്രസിഡന്റ് പൊറോഷെങ്കോ രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളില്‍ ഒരു മാസത്തേക്ക് പട്ടാള നിയമം പ്രഖ്യാപിച്ചു. തങ്ങള്‍ക്ക് ആക്രമണ ലക്ഷ്യമില്ലെന്നും സംഘര്‍ഷം വളരാതെ യുക്രെയിനെ നിലയ്ക്കു നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്‍കൈയെടുക്കണമെന്നും ക്രെംലിന്‍ ഭരണകൂടം പറഞ്ഞു. അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിച്ച് യുക്രെയിന്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് റഷ്യന്‍ വിദേശമന്ത്രാലയം ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍